ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ജഗ്ദീപ് ധന്‍‌ഖറും മാര്‍ഗരറ്റ് ആല്‍‌വയും സ്ഥാനാര്‍ത്ഥികള്‍

ന്യൂഡൽഹി: എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കാനിരിക്കെ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഓഗസ്റ്റ് 6 ശനിയാഴ്ച) നടക്കും.

നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ജൂലൈ 18 ന് പാർലമെന്റ് ഹൗസിൽ വെച്ച് ധന്ഖർ തന്റെ നാമനിർദ്ദേശ പത്രികകൾ ലോക്സഭയുടെ റിട്ടേണിംഗ് ഓഫീസർക്കും സെക്രട്ടറി ജനറലിനും സമർപ്പിച്ചു. ധന്‍‌ഖര്‍ സ്ഥാനാർത്ഥിത്വം സമർപ്പിക്കുമ്പോൾ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവര്‍ സന്നിഹിതരായിരുന്നു.

അഭിഭാഷകനായ ധൻഖർ 1989-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2019 ജൂലൈയിൽ അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായി. അന്നുമുതൽ, മമത ബാനർജി ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ വിവാദ ഇടപെടലുകൾ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്ന് അദ്ദേഹം രാജി വെച്ചു.

രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയായ ഇന്ത്യയുടെ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജാണ് രാജ്യസഭയും ലോക്‌സഭാ അംഗങ്ങളും.

വരുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ജഗ്ദീപ് ധൻഖറിനെ പിന്തുണയ്ക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ബുധനാഴ്ച പ്രഖ്യാപിച്ചു.

ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി ധൻഖറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജൂലൈ 19 ന് മാര്‍ഗരറ്റ് ആൽവ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജൂലൈ 17 ന്, പ്രതിപക്ഷ പാര്‍ട്ടികള്‍ രാജസ്ഥാൻ മുൻ ഗവർണറെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചു. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിൽ 17 പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ആൽവയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വെള്ളിയാഴ്ച അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment