മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം: റവ.ഫാ. ജേക്കബ് അനീഷ് വർഗീസ്

ഡാലസ്: മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഡാലസ് സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ (14133 Dennis Lane, Farmers Branch, Tx 75234) വെച്ച് നടന്ന ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ പ്രാരംഭ ദിവസത്തെ മുഖ്യ സന്ദേശത്തിലൂടെ നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ജേക്കബ് അനീഷ് വർഗീസ് അഹ്വാനം ചെയ്തു.

ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ആണ് മനുഷ്യൻ സംശയത്തിന് അടിമകൾ ആകുന്നതെന്നും വേദവചനത്തെ അടിസ്ഥാനമാക്കി ഉത്‌ബോധിപ്പിച്ചു. . കെഇസിഎഫ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട അനേക വൈദീകരും, വിശ്വാസികളും പങ്കെടുത്തു. ഇന്നും, നാളെയും വൈകിട്ട് 6.30 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും ഫാ.ജേക്കബ് അനീഷ് വർഗീസ് മുഖ്യസന്ദേശം നൽകും.

ക്വയർ കോഓർഡിനേറ്റർ ജോൺ തോമസിന്റെ നേതൃത്വത്തിൽ ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ ഗാനശുശ്രുഷ കൺവെൻഷനെ ഭക്തിസാന്ദ്രമാക്കി. ജനറൽ സെക്രട്ടറി അലക്സ് അലക്‌സാണ്ടർ ഏവരെയും സ്വാഗതം ചെയ്തു.

ഡാളസിലെ എല്ലാവിശ്വാസികളെയും ഇന്നും, നാളെയും (ശനി,ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്ന സംയുക്ത കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News