കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 10): ജോണ്‍ ഇളമത

കാലച്രക്രം വീണ്ടും കറങ്ങി. ഋതുക്കള്‍ മാറിമാറിവന്നു. ഫെറോറയിലെ ഡ്യൂക്ക്‌ അല്‍ഫോന്‍സിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ കൊത്തിത്തീര്‍ന്ന്‌ അവസാന മിനുക്കു പണികളിലായിരുന്നു മൈക്കെലാഞ്ജലോ. പെട്ടെന്ന്‌ ഒരു വില്ലുവണ്ടി മൈക്കെലാഞ്ജലോയുടെ ശില്‍പ്പശാലയ്ക്കു മുമ്പില്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ വന്നുനിന്നു. അതില്‍ നിന്ന്‌ പട്ടാള വേഷധാരിയായ ഒരു ആജാനുബാഹു ഇറങ്ങിവന്നു. ഡ്യൂക്കിന്റെ കാവല്‍പ്പടയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഞാന്‍ മൈക്കെലാഞ്ജലോയെ കാണാനെത്തിയതാണ്‌. ഒരു പടയാളി ഭവ്യതയോടെ അദ്ദേഹത്തെ മൈക്കെലാഞ്ജലോയുടെ മുമ്പില്‍ എത്തിച്ചു.

ആഗതന്‍ ശാന്തഗംഭീരമായി മൊഴിഞ്ഞു:

എന്റെ പേര്‍ ജനറല്‍ ലൂയിചി! ഞാന്‍ ഫ്ളോറന്‍സില്‍നിന്നു വരുന്നു. കര്‍ദിനാള്‍ ജിയോവാനി മെഡിസിയാണ്‌ എന്നെ ഇങ്ങോട്ടേക്കയച്ചത്‌. താങ്കളെ ഫ്ളോറന്‍സിലേക്ക്‌ തിരികെ കൂട്ടിക്കൊണ്ട്‌ ചെല്ലാനുള്ള തിരുമനസ്സിന്റെ ഉത്തരവനുസരിച്ച്‌. ഞാന്‍ ഫ്ളോറന്‍സില്‍ കര്‍ദിനാള്‍ തിരുമനസ്സിന്റെ സര്‍‌വ്വസൈന്യാധിപനാണ്‌.

മൈക്കെലാഞ്ജലോ സ്വപ്നത്തിലെന്നവിധം, കൈകളിലെ പൊടി കഴുകിത്തുടച്ച്‌ ലുയിചിക്ക്‌ ഹസ്തദാനം നല്‍കി ചോദിച്ചു:

കര്‍ദിനാള്‍ ജിയോവാനിയോ, ഫ്ലോറന്‍സിലെയോ!

അതേ, തിരുമനസ്സുകൊണ്ടാണ്‌ ഇപ്പോള്‍ ഫ്ളോറന്‍സിലെ ഭരണാധി കാരി!

എന്നു മുതല്‍?

ഓ, താങ്കള്‍ ഫ്ളോറന്‍സിലെ വിവരങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല, അല്ലേ?

ഒന്നും തന്നെ കേട്ടിരുന്നില്ല, സാവോനാറോള എന്ന സന്യാസി പുരോഹിതനായിരുന്നല്ലോ ഫ്രാന്‍സിലെ രാജാവിന്റെ അമ്പാസിഡറായി ഭരണം നടത്തിക്കൊണ്ടിരുന്നത്‌.

സാവോനാറോള തടവിലാണ്‌, രാജ്യദ്രോഹക്കുറ്റത്തിന്‌. ഇനി വിചാരണ നേരിടണം.

അപ്പോള്‍ അലക്സാണ്ടര്‍ പോപ്പ്‌ ഇടപെട്ടെന്നോ!

പിന്നല്ലാതെ, യാഥാസ്ഥിതികനായ അയാള്‍ക്ക്‌ എത്ര നാള്‍ വിലസാനാകും! അയാള്‍ ഒടുവില്‍ പോപ്പിനെയും ആക്രമിക്കാനാരംഭിച്ചു. അറിയാമല്ലോ

അലക്സാണ്ടര്‍ പോപ്പ്‌ സ്പാനിഷ്‌ പാരമ്പരൃത്തില്‍ ബോര്‍ജിയാ പ്രഭുകുടുംബത്തില്‍ നിന്നല്ലേ? ആദ്ധ്യാത്മികം എന്നു പറഞ്ഞാലും ഒരു പ്രഭുവിന്റെ പാരമ്പര്യം മാറ്റാനാകുമോ. ആഡംബരപ്രിയനായ പോപ്പിന്റെ ജീവിതശൈലിയേയും ആദ്ധ്യാത്മികതയേയും ചോദ്യം ചെയ്യാനുദ്യമിച്ചാല്‍ എന്തായിരിക്കും വിപത്ത്‌? അതും അപ്രമാദിത്യമുള്ള ഒരു പോപ്പിനെ.

ജനറല്‍ ലുയിചീ എന്തൊക്കെയാണ്‌ സംഭവിച്ചത്‌? വിശദമായി പറയു

സാവോനാറോളായെ, ഫ്ളോറന്‍സിലെ ജനങ്ങള്‍ ആദ്യമാദ്യം വിശ്വസിച്ചു, അനുസരിച്ചു. അവര്‍ വരാനിരിക്കുന്ന ദൈവകോപത്തെപ്പറ്റി ചിന്തിച്ചു. ശരിയല്ലേ, കുറേക്കാലങ്ങള്‍ക്ക്‌ മുമ്പ്‌ ബ്ലാക്ക്‌ ഡിസീസ്‌ എന്ന പ്ലേഗ്‌ വന്ന്‌ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട്‌ ജനങ്ങള്‍ മരിച്ചില്ലേ? അപ്പോള്‍ സന്യാസീസന്യാസിനികള്‍ എന്താണ്‌ ചെയ്തത്‌? തെരുവിലൂടെ കുരിശും ചുമന്ന്‌ പാപത്തിന്‌ പ്രായശ്ചിത്തം ചെയ്ത്‌ ഇരുമ്പു ചങ്ങലകള്‍ കൊണ്ട്‌ സ്വയം പീഡനം നടത്തി വിലപിച്ചില്ലേ? അന്നാളുകള്‍ക്ക്‌ വേണ്ടത്ര വിവരമില്ലാതിരുന്നതുകൊണ്ടല്ലേ അപ്രകാരം പാപപരിഹാരവും രോഗമുക്തിക്കും സിദ്ധിച്ചത്‌. അങ്ങനെ വിശ്വസിപ്പിക്കാനും, അവരെ യാഥാസ്ഥിതികരാക്കാനും ആദ്യമാദ്യം സാവോനാറോളയ്ക്കു കഴിഞ്ഞു. ഒടുവില്‍ പള്ളികളില്‍ ആരാധനാസമയങ്ങളില്‍ ദമ്പതികളായ സ്ത്രീ പുരുഷന്മാരെ ഒരുമിച്ചു നിര്‍ത്താതെ ചേരി തിരിച്ചു നിര്‍ത്തിയപ്പോള്‍ മുതലാണ്‌ സാവോനാറോളയ്ക്ക്‌ ജനങ്ങളില്‍നിന്ന്‌ ശക്തമായ തിരിച്ചടി കിട്ടിയത്‌.

ഇതിനിടെ പോപ്പ്‌ സഹികെട്ട്‌ സാവോനാറോളയുടെ പ്രസംഗങ്ങള്‍ വിലക്കി. എന്നാല്‍, ആ കൊടും യാഥാസ്ഥിതികന്‍ കുറേനാളേക്കടങ്ങി. പോപ്പിന്റെ താക്കീതിനെ മറികടക്കാന്‍ കഴിയാത്തതിനാല്‍. ഏറെ താമസിയാതെ സാവോനാറോള വീണ്ടും പഴയപടിയായി. ഏതോ മാറാരോഗം പോലെ, കൂടുതല്‍ തീവ്രമായ പ്രഭാഷണങ്ങള്‍ തുടര്‍ന്നു. ജനരോഷം ആളിക്കത്തി. ഫ്ളോറന്‍സിലെ മൂന്നില്‍ രണ്ട്‌ ഭാഗം ജനങ്ങള്‍ സാവോനാറോളയ്ക്കെതിരെ തിരിഞ്ഞു. പോപ്പ്‌ ചിന്തിച്ചു, ഇനിയെന്തു മാര്‍ഗ്ഗം? ഒടുവില്‍ കര്‍ദിനാള്‍ പദവി വാഗ്ദാനം ചെയ്തു. സാവോനാറോള എവിടെ കേള്‍ക്കാന്‍! അയാളുടെ തലമണ്ട മുഴുവന്‍ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക ചിന്തയായിരുന്നില്ലേ? അറിയാമല്ലോ, ഒരിക്കല്‍ ഇത്തരം ചിന്തകള്‍ തലയില്‍ കയറിയാല്‍ അതൊരു മാറാരോഗമായി മാറും. ആ കാലയളവില്‍ പോപ്പിന്റെ ആഡംബരത്തെയും ലൗകിക ജീവിതത്തെയും സാവര്‍ണോള നിശിതമായി വിമര്‍ശിച്ചു.

സാവോനാറോള വത്തിക്കാനെ ചൂണ്ടി തീവ്രമായ പ്രഭാഷണം നടത്തി:
പറയാതെ നിവര്‍ത്തിയില്ല. ഈ കാലഘട്ടത്തിലെ ചില പോപ്പുമാര്‍ ആത്മീയത കുറഞ്ഞവരായി ലാകികതയെ താലോലിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? സഭാനവീകരണമായിരി ക്കണം മതാചാര്യന്മാര്‍ പാലിക്കേണ്ടത്‌. ആടുകളെ ചിതറിക്കുന്ന മഹാ ഇട യനായ ഇപ്പോഴത്തെ പോപ്പ്‌, അലക്‌സാണ്ടര്‍ ആറാമന്‍ ലാകികത മുഴുവന്‍ ഉപേക്ഷിച്ച്‌ ആത്മീയതയിലേക്ക്‌ മടങ്ങിവരുന്നില്ലെങ്കില്‍ ഹാ, എത്ര കഷ്ടം,

നാശം അടുത്തിരിക്കുന്നു എന്ന്‌ പറയാതെ തരമില്ല. അല്ലെങ്കില്‍ത്തന്നെ പോലപ്പുമാര്‍ക്ക്‌ എന്തിന്‌ പട്ടുടുപ്പുകള്‍, പവിഴാഭരണങ്ങള്‍, തങ്കത്തില്‍ പൊതിഞ്ഞ അംശവടി, അതിനുമേലെ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കുരിശ്‌? മരക്കുരിശിലാണ്‌ യേശുതമ്പുരാന്‍ മരണം വരിച്ചത്‌. നീ നിന്റെ കുരിശെടുത്ത്‌ എന്റെ പിന്നാലെ വരിക എന്ന വേദപുസ്തകത്തിലെ വാക്യങ്ങള്‍ സഭ മുഴുവനും അനുസരിക്കപ്പെടേണ്ടതാണ്‌. എന്നാല്‍ കല്‍പനകളുടെയും വേദവാക്യങ്ങളുടെയും ലംഘനം മൂലം സഭ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു, ഹാ, നാശം അടുത്തിരിക്കുന്നു, ശിക്ഷ ആസന്നമായിരിക്കുന്നു!

ജനറല്‍ ലൂയിചി തുടര്‍ന്നു;

ഒടുവില്‍ പോപ്പ്‌ അലക്സാണ്ടര്‍ ആറാമന്‍ മറ്റൊരു ത്രന്തത്തിലൂടെയാണ്‌ സാവോനാറോളായെ കീഴ്പ്പെടുത്തിയത്‌. ഫ്രാന്‍സിലെ ചാള്‍സ്‌ രാജാവിനെതിരെ ഒരു ഹോളി ലീഗ്‌ രൂപീകരിച്ചു. ഇറ്റലിയെ ഫ്രാന്‍സിന്റെ ആക്രമണത്തില്‍നിന്ന്‌ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ. അതില്‍ സ്പെയിനില്‍ നിന്നുള്ള വിശുദ്ധ റോമാസാമമാജ്യത്തിന്റെ ച്രകവര്‍ത്തി, ഫെര്‍ഡിനാന്‍ഡ്‌ രണ്ടാമന്‍, വെനീസിലേയും മിലാനിലേയും പ്രഭുക്കള്‍, അവരോടൊപ്പം ഫ്ളോറന്‍സിനുവേണ്ടി കര്‍ദിനാള്‍ ജിയോവാനിയേയും അണിനിരത്തി യുദ്ധ സന്നാഹങ്ങള്‍ ആരംഭിച്ചു. അതില്‍ പങ്കുചേര്‍ന്ന്‌ ഫ്രാന്‍സിനെ തുരത്താന്‍, സാവോനാറോളയ്ക്ക്‌ കല്പന നല്‍കി. എന്നാല്‍, സാവോനാറോള ഹോളി ലീഗില്‍ ചേരുന്നതിന്‌ വിസമ്മതിച്ചു എന്ന കാരണത്താല്‍, പോപ്പിന്റെ ഹോളി ലീഗ്സൈന്യം യുദ്ധം ചെയ്ത്‌ ഫ്രാന്‍സിനെയും സാവോനാറോളായെ പുറത്താക്കി ഫ്ളോറന്‍സ്‌ വീണ്ടും പിടിച്ചെടുത്തു. ഇപ്പോള്‍ കര്‍ദിനാള്‍ ജിയോവാനിയാണ്‌ ഫ്ളോറന്‍സ്‌ ഭരിക്കുന്നത്‌. സാവര്‍ണോളാ തടവിലാണ്‌. വിചാരണയ്ക്കുശേഷം കടുത്ത ശിക്ഷതന്നെ കിട്ടാം. പോപ്പ്‌ അലക്സാണ്ടര്‍ ആറാമന്‍ തീരുമാനിക്കും പോലെ!

മൈക്കെലാഞ്ജലോ ജനറല്‍ ലൂയിചിക്കൊപ്പം ഫ്ലോറന്‍സിലേക്ക്‌ മടങ്ങി. കര്‍ദിനാള്‍ ജിയോവാനി ഹൃദ്യമായ സ്വീകരണം നല്‍കി മൈക്കെലാഞ്ജലോയെ കൊട്ടാര ശില്പിയായി നിയമിച്ചു. സാവോനാറോളയേയും അനുയായികളായ സാല്‍വസ്ട്രോ, ഡൊമിനിക്കോ എന്നീ പാതിരിമാരെയും പോപ്പിന്റെ കോടതി വിസ്തരിച്ചു, പ്ലാസാ ബെല്ലാ സിഗ്നോറിയാ മൈതാനത്തെ സഭാകോടതിയില്‍. പോപ്പിന്റെ പ്രതിനിധിയായ കര്‍ദിനാള്‍, ആര്‍ച്ച്ബിഷപ്പ്‌, ബിഷപ്പുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍. കര്‍ദിനാള്‍ ജിയോവാനി, മൈക്കെലാഞ്ജലോ, പട്ടാളമേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്ലാസാ ജനങ്ങളെക്കൊണ്ട്‌ തിങ്ങി. അവസാന വിധിക്കായവര്‍ അക്ഷമരായി കാത്തുനിന്നു. അവരില്‍ ചെറിയൊരു പക്ഷം സാവോനാറോളയോട്‌ അനുകമ്പയും കുറുമുള്ളവരായിരുന്നു. എങ്കിലും വധശിക്ഷ അവര്‍ ഭയപ്പെട്ടിരുന്നു. ഫെര്‍റ്റിക്‌, അല്ലെങ്കില്‍ പരമ്പരാഗത കാത്തോലിക്കാ സഭയുടെ സത്യങ്ങളെ എതിര്‍ക്കുന്നവരെ മുമ്പും തുക്കിലേറ്റിയിട്ടുണ്ട്‌. ഒരുപക്ഷേ, സാവോനാറോയ്ക്ക്‌ വധശിക്ഷ നേരിടേണ്ടി വന്നാല്‍ അത്‌ പുഞ്ചിരിയോടെ ഏറ്റുവാങ്ങുമെന്നവര്‍ കരുതി. അങ്ങനെ വധിക്കപ്പെട്ടാല്‍ സാവോനാറോള രക്തസാക്ഷിയായി വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുമെന്നവര്‍ വിശ്വസിച്ചു.

കോടതിവാദം ആരംഭിച്ചു. സഭാകോടതിയുടെ വക്കീല്‍, സാവോനാറോ ളയോട്‌ ചോദിച്ചു;

മാര്‍പ്പാപ്പാ സഭയുടെ തലവനും ഭരണാധികാരിയുമായിരിക്കെ താങ്കള്‍ പാപ്പായെ ധിക്കരിച്ചില്ലേ, അതും മൂന്നിലേറെ തവണ!

സാവോനാറോള സാകൂതം പറഞ്ഞു;

ധിക്കരിച്ചതല്ല, എന്നെ ദൈവമാണ്‌ ഫ്ളോറന്‍സിലേക്കയച്ചത്‌. ഫ്ലോറന്‍സിനെ ഞാന്‍ ഒരു ക്രിസ്ത്യന്‍ കോമണ്‍വെല്‍ത്താക്കാന്‍ ശ്രമിച്ചു എന്നത്‌ പരമാര്‍ത്ഥം തന്നെ. നവോത്ഥാനത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത്‌ ദൈവ നിഷേധമാണ്‌. നഗ്നചിത്രങ്ങള്‍ കൊത്തുക, നഗ്നത പ്രദര്‍ശിപ്പിക്കുക, നൃത്തം ചെയ്യുക, സംഗീതമാലപിക്കുക, സ്ത്രീയും പുരുഷനും അപമര്യാദയായി വസ്ത്രധാരണം നടത്തുക, പരസ്യമായി ചുംബിക്കുക–ഇവയെല്ലാം കഠിന പാപമായിരിക്കെ ഞാന്‍ ഇവയ്ക്കൊക്കെ തടയിട്ട്‌ ഫ്ലോറന്‍സിനെ രക്ഷിക്കാനാണ്‌ ശ്രമിച്ചത്‌.

കോടതി അതേ ചോദ്യങ്ങള്‍ തന്നെ സാവര്‍ണോളയുടെ അനുചരന്മാരായ സാല്‍വസ്ട്രോ, ഡൊമിനിക്കോ എന്നീ പുരോഹിതരോടും ചോദിച്ചു. അവരുടെയും ഉത്തരങ്ങള്‍ അപ്രകാരം തന്നെയായിരുന്നു. വാദങ്ങള്‍ പൂര്‍ത്തിയായി. വിവരങ്ങള്‍ റോമിലേക്കയച്ചു. പാപ്പായുടെ ഉത്തരവിന്‌. പാപ്പാ ഉത്തരവിട്ടു, ഫെര്‍റ്റിക്കുകളെ സാവധാനം തൂക്കിലേറ്റുക, അതിനുശേഷം ജഡങ്ങള്‍ കത്തിച്ച്‌ അര്‍നോ നദിയിലൊഴുക്കുക. വിധിദിനത്തില്‍, ഫ്ലോറന്‍സിലെ സിഗ്നോറിയാ പ്ലാസാ ഡെല്ലാസിഗ്നോറിയ ജനസമുദ്രത്തില്‍ മുങ്ങി. ജനാവലി ആര്‍ത്തുവിളിച്ചു;

സാവോനാറോളായേയും കൂട്ടരേയും തൂക്കിലേറ്റുക! യഥാസ്ഥിതികരെ തൂക്കിലേറ്റുക. ഒരു ചെറിയ വിഭാഗത്തിന്‌ സാവോനാറോളയോടും അനുചരന്മാരോടും അനുകമ്പയുണ്ടായി.

അവരുടെ മനസ്സുകള്‍ മന്ത്രിച്ചു:

നിരപരാധിയായ ദൈവഭക്തരെ തുക്കിലേറ്റുന്നു! രക്തസാക്ഷികള്‍, അവര്‍ വിശുദ്ധരാണെന്ന്‌ കാലം തെളിയിക്കട്ടെ!

പട്ടാള ബാന്റുകള്‍ മുഴങ്ങി. കൈവിലങ്ങുവെച്ച മുന്നു സന്യാസിപുരോഹിതര്‍! അവരുടെ കണ്ഠങ്ങളില്‍ കുരുക്കുവീണു. അതു മുറുകി അവര്‍ പിടഞ്ഞ്‌ സാവധാനം ആത്മാവ്‌ വെടിഞ്ഞു. അപ്പോള്‍ താഴെ തയ്യാറാക്കി വെച്ചിരുന്ന നെരുപ്പോടുകളില്‍ നിന്ന്‌ തീ ആളിക്കത്തി. ആ കാഴ്ച ഭയാനകമായിരുന്നു! ആകാശം കറുത്തിരുണ്ടു, മിന്നല്‍പ്പിണരുകള്‍ എങ്ങും പാഞ്ഞു!

(തുടരും…..)

Print Friendly, PDF & Email

Leave a Comment

More News