ഇസ്ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’; എസ്.ഐ.ഒ ഏരിയ സമ്മേളനങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം

നാല്പതാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനങ്ങൾക്ക് മഞ്ചേരിയിലും എടപ്പാളിലുമായി തുടക്കം കുറിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇരു സമ്മേളനങ്ങളും വിദ്യാർത്ഥി റാലി, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായി.മുസ്ലിം വിരുദ്ധ വംശീയത ഹിന്തുത്വ ശക്തികളുടെ ഭരണകൂട നയമാവുകയും വംശഹത്യ യാഥാർഥ്യമാവുകയും ചെയ്ത സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക സുരക്ഷയും നിർഭയത്വവും നീതിയും പുലരുന്ന ഒരു ലോകക്രമത്തിന് വേണ്ടി കർമഭൂമിയിൽ സജീവമാവാൻ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയോടുള്ള ഭരണകൂടത്തിന്റെ ചരിത്രപരമായ വംശീയ വിവേചന ഭീകരത അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മഞ്ചേരിയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.മുഹമ്മദ് വേളം. എസ്. ഐ.ഒ. സംസ്ഥാന പ്രസിഡന്റ് അംജദ് അലി, സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം അബ്ദുൽ ലത്തീഫ് ബസ്മല, എസ്.ഐ.ഒ ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ഷിബിൻ റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.വി അഹ്മദ് കുട്ടി, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് യുസർ.കെ എന്നിവർ പങ്കെടുത്തു. ചങ്ങരംകുളം ടൗണിൽ വെച്ച് നടന്ന എടപ്പാൾ ഏരിയ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, എസ്.ഐ.ഒ ശൂറാ അംഗം അഡ്വ.റഹ്മാൻ ഇരിക്കൂർ, ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി എം.സി. നസീർ, എസ്.ഐ.ഒ ജില്ലാ സമിതി അംഗം ഷിബിലി മസ്ഹർ എന്നിവരും പങ്കെടുത്തു.

സെപ്റ്റംബർ 3 മുതൽ ഒക്ടോബര് 2 വരെ ജില്ലയിലെ 31 ഏരിയ കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി വിവിധ ഏരിയകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമങ്ങൾ, പഠന ക്യാമ്പുകൾ, തർബിയത് കൂട്ടായ്മകൾ, കായിക മത്സരങ്ങൾ, ഓൺലൈൻ മൽസരങ്ങൾ, ക്വിസ് പ്രോഗ്രാമുകൾ, സിനിമ പ്രദർശനങ്ങൾ എന്നിവ ഇതിനോടകം നടന്നു കഴിഞ്ഞു. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ 1982 മുതൽ എസ്.ഐ.ഒ സംസ്ഥാനത്തും രാജ്യത്തുടനീളവും വൈജ്ഞാനിക- സമര – സേവന രംഗങ്ങളിൽ നടത്തിവരുന്ന ചരിത്രപരമായ ഇടപെടലുകളെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലായിരിക്കുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News