ചിങ്ങം ഒന്ന് കര്‍ഷക കരിദിനം; കര്‍ഷകമാര്‍ച്ചും ധര്‍ണ്ണയും പ്രഖ്യാപിച്ച് വ്യാപക പ്രതിഷേധവുമായി ഇന്‍ഫാം

കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് വന്‍ പ്രതിഷേധവുമായി ഇന്‍ഫാം. ബഫര്‍ സോണ്‍ ഉള്‍പ്പെടെ ഭൂവിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകദ്രോഹ സമീപനവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കൃഷിവകുപ്പ് നടത്തുന്ന കര്‍ഷകദിനാചരണം കര്‍ഷകരോട് നീതിപുലര്‍ത്തുന്നതല്ലെന്നും വിവിധ കര്‍ഷകസംഘടനകള്‍ സഹകരിച്ച് നടത്തുന്ന കര്‍ഷക കരിദിന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.

ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ കരിദിന പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണയും പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടാകും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേയ്ക്ക് കര്‍ഷകര്‍ ജാഥ നടത്തും. വിവിധ കര്‍ഷകസംഘടനകള്‍ ഒത്തുചേര്‍ന്നുള്ള കരിദിന പ്രതിഷേധത്തില്‍ ഇന്‍ഫാം പങ്കുചേരും. കര്‍ഷകര്‍ നിലനില്‍പ്പിനായി നിരന്തരം പോരാടുമ്പോള്‍ സംരക്ഷണമൊരുക്കേണ്ട കൃഷിവകുപ്പ് ദ്രോഹിക്കുന്ന വകുപ്പായി അധഃപതിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി കുറ്റപ്പെടുത്തി.

ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ് റെമീജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, സെക്രട്ടറി ജനറല്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വൈസ് ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ എന്നിവര്‍ കര്‍ഷക കരിദിന പ്രതിഷേധപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.

ജോയി തെങ്ങുംകുടി, ഫാ. ജോസഫ് മോനിപ്പള്ളി, ജോസ് എടപ്പാട്ട്, ഫാ. ജോസ് പെണ്ണാപറമ്പില്‍, മാത്യു മാമ്പറമ്പില്‍, സണ്ണി മുത്തോലപുരം, സണ്ണി തുണ്ടത്തില്‍ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News