സ്വപ്‌നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്. തനിക്കെതിരായ പരാമർശങ്ങൾ അതിലുണ്ടെന്ന് സരിത അവകാശപ്പെട്ടു.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ സരിത എസ് നായര്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾ എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിൽ നൽകാനൊരുങ്ങുകയാണ് ഇഡി. കോടതി അനുവദിച്ചാൽ രഹസ്യമൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാമെന്ന് ഇഡി കോടതിയെ രേഖാമൂലം അറിയിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും സമർപ്പിച്ചു.

അതേസമയം, രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നത്തിൽ സംശയം തീർക്കാൻ അമിക്കസ് ക്യൂറിയെ കോടതി നേരത്തെ നിയോഗിച്ചിരുന്നു.

അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കുന്നത് വരെ രഹസ്യമൊഴി പൊതുരേഖയല്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടും ഇ.ഡിയുടെ എതിർപ്പും ഉൾപ്പെടെ പരിഗണിച്ചാണ് ഹൈക്കോടതി സരിതയുടെ ഹർജി തള്ളിയത്.

അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ മെഷിനറി ശ്രമിക്കുന്നത്. കേസിലെ ഏറ്റവും സ്വാധീനമുള്ള ഉന്നത പ്രതികൾക്ക് വേണ്ടിയാണിത്. സ്വപ്‌ന സുരേഷിന്റെ മൊഴി മാറ്റാൻ സമ്മർദമുണ്ട്. കേരളത്തിൽ വിചാരണ നടന്നാൽ കള്ള തെളിവുകൾ ചമച്ച് സ്വാധീനമുള്ള ഉന്നതർ തടസ്സങ്ങൾ സൃഷ്ടിച്ച് വിചാരണ അട്ടിമറിക്കാനാണ് സാധ്യതയെന്ന് ഇ.ഡി സംശയിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment