സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറി

മലപ്പുറം: മമ്പാട് പുള്ളിപ്പാടം ചെറുനെല്ലിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ 30 ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറിയതായി ആരോപണം. പുള്ളിപ്പാടം വില്ലേജിൽ ഒരു കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കർ 82 സെന്റ് ഭൂമിയാണ് കൈയ്യേറിയത്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി കൈയ്യേറിയതെന്നാണ് ആരോപണം.

നാല് പട്ടികവർഗ കുടുംബങ്ങളും എട്ട് പട്ടികജാതി കുടുംബങ്ങളും 18 പൊതുവിഭാഗം കുടുംബങ്ങളുമാണ് ചെറുനെല്ലിയിലെ മിച്ചഭൂമിയിലുള്ളത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി വാടക വീടുകളിലാണ് കഴിയുന്നത്. കൈയ്യേറിയ ഭൂമി കുറ്റിയടിച്ച് അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങിയിട്ടും പരാതി നൽകാൻ ആരും എത്തിയിട്ടില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു.

പുള്ളിപ്പാടം വില്ലേജിലെ ചെറുനെല്ലിലെ 1.82 ഏക്കർ സ്ഥലം നിലവിൽ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പറഞ്ഞു. മിച്ചഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ചില ഭൂവുടമകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭൂമി കൈയ്യേറാന്‍ തീരുമാനിച്ചതെന്ന് റസാഖ് പറഞ്ഞു. മമ്പാട് പഞ്ചായത്തിൽ ഏക്കർ കണക്കിന് മിച്ചഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ട്.

ഈ മിച്ചഭൂമികൾ പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകും. വടപ്പൂരിലെയും കുറത്തിയാർ പൊയിലിലെയും മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയതായി മുഹമ്മദ് റസാഖ് പറഞ്ഞു. മമ്പാട് പഞ്ചായത്തിലെ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയ സിപിഎമ്മിന്റെ മൂന്നാമത്തെ നീക്കമാണിത്.

Print Friendly, PDF & Email

Leave a Comment

More News