റം‌ബൂട്ടാന്‍ കൃഷിയില്‍ വിജയം കൊയ്ത് തിരുവനന്തപുരം സ്വദേശി വിജയന്‍

തിരുവനന്തപുരം: വീടിനു മുന്നിൽ നിറയെ കായ്കൾ നിറഞ്ഞ ചുവന്നു തുടുത്ത റമ്പൂട്ടാന്‍ മരങ്ങൾ. ഇത് ഇന്ന് നമ്മുടെ നാട്ടിൽ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, തിരുവനന്തപുരം വട്ടപ്പാറ പുങ്കുംമൂട് സ്വദേശി വിജയൻ എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ രണ്ടേക്കറിൽ റംബൂട്ടാൻ കൃഷി ചെയ്തു വിജയിച്ചിരിക്കുകയാണ്.

വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ പുങ്കുംമൂട് ഗ്രാമത്തിന്റെ അരികിലുള്ള ഈ റംബുട്ടാൻ തോട്ടത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒരു ചെറിയ റോഡിൽ നിന്ന് ഉൾനാടൻ ചരിവിലാണ് നൂറോളം റംബൂട്ടാൻ മരങ്ങൾ നിരന്നുനില്‍ക്കുന്നത്. പഴങ്ങൾ നിറഞ്ഞ മനോഹരമായ കാഴ്ചയാണിത്. ഏഴു വർഷം മുമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന ഈ മരങ്ങൾ ഫലങ്ങളുടെ കാര്യത്തിൽ വിജയനെ നിരാശപ്പെടുത്തിയില്ല.

എന്നും രാവിലെ തോട്ടത്തിലെത്തുന്ന വിജയനും ഒന്നുരണ്ട് സഹായികളും പഴുത്ത പഴങ്ങൾ ശേഖരിച്ച് പ്രത്യേക പെട്ടികളിലേക്ക് മാറ്റുന്നു. വളരെ വലുതും മധുരവുമുള്ള വരിക്ക ഇനം എൻ-80 ആണ് വിജയന്റെ തോട്ടത്തിൽ വിളയുന്നത്. ഈ ഇനമാണ് അമേരിക്ക, ജപ്പാൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാർക്ക് വിൽക്കുന്നത്.

ഒരു ദിവസം 200 കിലോഗ്രാം റമ്പൂട്ടാന്‍ ശേഖരിക്കും. കയറ്റുമതി ഗുണനിലവാരത്തിലുള്ള പഴമായതിനാല്‍ കിലോഗ്രാമിന് 200 രൂപ ലഭിക്കും. തികച്ചും ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. റമ്പൂട്ടാന്‍ മരങ്ങള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ ചാണകം വളമായി നല്‍കും. മഴയില്ലെങ്കില്‍ ദിവസേന നനയ്ക്കണം. വിജയന്‍റെ രണ്ടേക്കര്‍ സ്ഥലത്ത് റമ്പൂട്ടാനുപുറമേ സമ്മിശ്ര കൃഷിയുമുണ്ട്. കൃഷി ഭൂമിയുടെ ഏറ്റവും താഴ്ഭാഗത്തുള്ള കുളത്തില്‍ തിലാപ്പിയ (Tilapia) ഇനത്തിലുള്ള മീന്‍ കൃഷിയുമുണ്ട്.

ഇതുകൂടാതെ, കയറ്റുമതി സാധ്യതയുള്ള നല്ല എരിവുള്ള പച്ചമുളകും വാഴകൃഷിയും ഈ കർഷകൻ വിജയകരമായി കൃഷി ചെയ്യുന്നു. വിജയന്റെ റമ്പൂട്ടാൻ തോട്ടം നമ്മുടെ നാട്ടിൽ വാണിജ്യാടിസ്ഥാനത്തിലുള്ള റംബുട്ടാൻ കൃഷി വിജയകരമാക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

Print Friendly, PDF & Email

Leave a Comment

More News