പാലക്കാട് ഷാജഹാൻ കൊലപാതകം: ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെന്ന് സംശയിക്കുന്ന ഏഴുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഇവരെ ചോദ്യം ചെയ്ത് കിട്ടുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, കൊലപാതകത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടിയതായി കരുതുന്നതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 14ന് രാത്രിയാണ് പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.15ന് ഷാജഹാന്‍റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. 8 പേരടങ്ങുന്ന അക്രമി സംഘം വടി വാള്‍ ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു.

മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാജഹാന് ലോക്കൽ കമ്മിറ്റിയിൽ ഇടം കിട്ടിയതിൽ അസൂയ പൂണ്ടവര്‍ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും, പിന്നീടവര്‍ പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ലെന്നും കുടുംബം പറഞ്ഞു. കൊല നടത്തിയവര്‍ നേരത്തെ തന്നെ സിപിഎം വിട്ടിരുന്നുവെന്നും, രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News