സുവർണ്ണ സ്നേഹസംഗമം: ഡോ. ജോസഫ് മട്ടക്കൽ

1970 കളിലും 1980 കളിലും ന്യൂയോർക്കിലും സമീപപ്രദേശങ്ങളിലും കുടിയേറി പാർക്കുകയും മാർത്തോമാ സഭയ്ക്ക് വടക്കേ അമേരിക്കയിൽ അടിസ്ഥാനം കുറിക്കുകയും അതിന്റെ വളർച്ചയ്ക്ക് മുഖ്യധാരയിൽ പ്രവർത്തിച്ചവരൂമായ പഴയകാല സുഹൃത്തുക്കളുടെ ഒരു സ്നേഹസംഗമം ന്യൂജെഴ്സി എഡിസണിലുള്ള അക്ബർ റസ്റ്റോറന്റില്‍ വെച്ച് ആഗസ്റ്റ് 6-ന് നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനും പ്രഭാതഭക്ഷണത്തിനും ശേഷം “ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ ഞാനും എൻ കുടുംബവും എന്തുള്ളു” എന്ന പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ശ്രീമതി മറിയാമ്മ മാത്യു 91 ആം സങ്കീർത്തനം വായിക്കുകയും ജോർജ് വർക്കി പ്രാരംഭ പ്രാർത്ഥന നടത്തുകയും ചെയ്തു.

കെ.ഒ ചാക്കോ സദസ്സിനെ ഹൃദ്യമായി സ്വാഗതം ചെയ്തു മാർത്തോമാ സഭ ഭൗതികമായി വളർച്ചയുടെ ഉച്ചകോടിയിൽ എത്തിയെങ്കിലും ദൗത്യത്തിലും അടിസ്ഥാന വിശ്വാസത്തിലും വ്യതിചലിച്ചു പോയിടുന്നോയെന്ന് സംശയിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനുശേഷം ഡോ. ജോസഫ് മട്ടക്കൽ സദസ്സിനെ സംബോധന ചെയ്തു. ആദ്യകാല കുടിയേറിപ്പാർത്ത കാരണവന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന മിക്കവരും തങ്ങളുടെ കർമ്മമണ്ഡലങ്ങളിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരാണ്. പ്രവാസ ജീവിതത്തിന്റെ ആരംഭ കാലത്തിൽ സഭാ ഭേദമന്യേ ഒരുമിച്ച് ആരാധിക്കുകയും കൂട്ടായ്മ അനുഭവിക്കുകയും ചെയ്തിരുന്ന ഇങ്ങനെയുള്ളവർക്ക് വീണ്ടും പാൻഡെമിക്കിനു ശേഷം ഒരുമിച്ചു കൂടുന്നതിനും കാലപ്പഴക്കത്തിൽ അറ്റുപോയ സാഹോദര്യത്തിന്റെ കണ്ണികൾ വിളക്കി ചേർക്കുന്നതിനും ഒരു അവസരം ഉണ്ടാക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ മുഖ്യ ഉദ്ദേശം എന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു.

ആദ്യകാല കുടിയേറി പാർപ്പുകാർ ഈ നാട്ടിലേക്ക് കൊണ്ടുവന്നത് പണമല്ല പിന്നെയോ, തങ്ങളുടെ മാതാപിതാക്കൾ പകർന്നു കൊടുത്ത അചഞ്ചലമായ ദൈവവിശ്വാസം മാത്രമായിരുന്നു. തിക്തമായ ആദ്യകാല ജീവിതാനുഭവങ്ങളിൽ തളരാതെ അവരെ പിടിച്ചുനിർത്തിയത് ഈ വിശ്വാസം മാത്രമായിരുന്നു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആത്മീയവും സാമൂഹികമായ ഒത്തുചേരലിനും ആരാധനകൾ ആരംഭിക്കുവാനും നേതൃത്വം കൊടുക്കുവാനും അവരെ സന്നദ്ധരാക്കിയതും ഈ വിശ്വാസത്തിൻറെ ഉറപ്പു മാത്രമായിരുന്നു.

ആദ്യകാലങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മുഖ്യധാരയിൽ പ്രവർത്തിച്ചു മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ പേരുകൾ വായിക്കുകയും അവരുടെ ഓർമ്മയ്ക്കായി ഒരു മിനിറ്റ് നിശബ്ദത പാലിക്കുകയും ചെയ്തു. കൂടാതെ വന്നു സംബന്ധിക്കുവാൻ വളരെ ആഗ്രഹമുണ്ടായിട്ടും ശാരീരിക പ്രയാസങ്ങളാൽ സാധിക്കാതെ പോയവരുടെ പേരുകൾ വായിക്കുകയും അവർക്കുവേണ്ടി ഒരു മിനിറ്റ് മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു.

അതിനുശേഷം നടന്ന ചർച്ചയിൽ ഇങ്ങനെയുള്ള കൂടിവരവുകൾ എല്ലാ വർഷവും നടത്തണമെന്നും, ഈ കൂടിവരവ് സംഘടിപ്പിച്ചവർ തന്നെ അതിന് ചുമതല ഏറ്റെടുക്കണമെന്നും എന്നും യോഗം അഭ്യർത്ഥിച്ചു.

എം സി ചാക്കോ വന്നുചേർന്ന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. ഡാനിയേൽ തോമസ്സിന്റെ പ്രാർത്ഥനക്ക് ശേഷം കെ.ഒ ചാക്കോ ആശീർവാദം പറഞ്ഞു. മീറ്റിംഗ് നടത്തിപ്പിന് ഏബ്രഹാം തോമസ് നേതൃത്വം നൽകി.

അക്ബർ റസ്റ്റോറന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ എല്ലാവരും സന്തോഷമായി വിടപറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News