പ്രിയ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണ്ണര്‍ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം മരവിപ്പിച്ചതിന് പിന്നാലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നതായി സൂചന. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നടപടിയെടുക്കാൻ ഗവർണർ തീരുമാനിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ സൂചന നൽകി.

നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ വിലയിരുത്തൽ. പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ചാൻസലർ ഉത്തരവിറക്കിയതിന് പിന്നാലെ വൈസ് ചാൻസലർ മാധ്യമങ്ങളെ കാണുകയും ചാൻസലറുടെ ഉത്തരവിനെതിരെ സംസാരിക്കുകയും ചെയ്തത് ഗുരുതര വീഴ്ചയാണ്. മാത്രമല്ല, ഗവർണർക്കെതിരെ നിയമനടപടി പരിഗണിക്കാൻ സിന്‍ഡിക്കേറ്റ് വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലറുടെ നടപടി വലിയ തെറ്റായിട്ടാണ് ഗവര്‍ണ്ണര്‍ വിലയിരുത്തുന്നത്.

നിലവിൽ ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓഗസ്റ്റ് 25 ന് തിരിച്ചെത്തിയാലുടൻ നടപടിയെടുക്കും. 2021 നവംബർ രണ്ടാം വാരം കണ്ണൂർ സർവകലാശാലയിൽ പ്രിയാ വർഗീസിനെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 നവംബർ 12 ആയിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയത് വൻ വിവാദത്തിനാണ് വഴിവെച്ചത്. ഇത് പ്രിയ വർഗീസിന് വേണ്ടിയാണെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നവംബർ 18ന് അഭിമുഖം പൂർത്തിയാക്കി.

പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ആരോപണങ്ങള്‍ക്ക് കൂടുതല്‍ സാധുത നല്‍കുന്നതായി. നിയമോപദേശം ഉള്‍പ്പടെ പൂര്‍ത്തിയാക്കി 2022 ജൂണ്‍ 27ന് റാങ്ക് പട്ടിക സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഈ സിന്‍ഡിക്കേറ്റ് തീരുമാനവും പ്രിയയുടെ നിയമനം മരവിപ്പിച്ചതിനൊപ്പം ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രിയയ്ക്ക് സര്‍വകലാശാല ഒന്നാം റാങ്ക് നല്‍കിയത് നവംബര്‍ 18ന്. ഇതുകഴിഞ്ഞ് അഞ്ച് ദിവസം പിന്നിടുമ്പോള്‍ യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഡോ. ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസലറായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പുനര്‍ നിയമനം നല്‍കി. പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയായിരുന്നു നിയമനം.

വി.സി നിയമനത്തിനും പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനും എതിരെ സേവ് യൂണിവേഴ്‌സിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വി.സി നിയമനത്തിനെതിരെ കണ്ണൂര്‍ വാഴ്‌സിറ്റിയിലെ രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർവകലാശാല സിൻഡിക്കേറ്റിന് അനുമതി നൽകി. വിഷയത്തിൽ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി.

 

Print Friendly, PDF & Email

Leave a Comment

More News