കേരളത്തിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഭാവിയില്‍ ചതിക്കെണിയാകും: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരള സര്‍ക്കാരിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.

ജൂണ്‍ 3ലെ സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വനംവകുപ്പ് തയ്യാറാക്കി സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ മലയോരജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് ജനജീവിതത്തിന് വന്‍പ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. വസ്തുതവിരുദ്ധത നിറഞ്ഞ പരാമര്‍ശങ്ങളും 2019 ഒക്‌ടോബറിലെ 1 കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച മന്ത്രിസഭാതീരുമാനവും തുടര്‍ ഉത്തരവുകളും റിവ്യൂ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ ജൂണ്‍ 3ലെ സുപ്രീം കോടതിവിധി വീണ്ടും ശരിവയ്ക്കുന്നതായി മാറും. റിവ്യൂ ഹര്‍ജി നല്‍കിയെന്ന് പ്രചരിപ്പിച്ച് കര്‍ഷക പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സുപ്രീം കോടതി വിധിച്ചിരിക്കുന്ന 1 കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ ജനവാസമുള്‍പ്പെടെ നിജസ്ഥിതി വ്യക്തമാക്കുന്ന കണക്കുകള്‍ ഹര്‍ജിയില്‍ നല്‍കിയിട്ടില്ല. അതേസമയം 1977നു മുമ്പ് വനംകൈയേറി അനധികൃതമായി താമസിക്കുന്നവരാണ് നിര്‍ദ്ദിഷ്ഠ ബഫര്‍സോണ്‍ പ്രദേശത്തുള്ളതെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഹര്‍ജി വിശദാംശങ്ങള്‍ പഠിച്ചാല്‍ ബോധ്യമാകും. അനധികൃത കയ്യേറ്റക്കാരെയും ആദിവാസികളെയും മാത്രമാണ് ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ ബാധിക്കുന്നതെന്നും 28,588.159 ഹെക്ടര്‍ ഭൂമി മാത്രമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ വനവല്‍ക്കരണത്തിനായി മലയോരജനതയെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ഒരു കുടിയിറക്കിന്റെ നീക്കമാണ് അണിയറയിലൊരുങ്ങുന്നതെന്ന് തിരിച്ചറിയണമെന്നും സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ഭാവിയില്‍ തിരിച്ചടിയാകുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News