പതിനഞ്ചുകാരിയെ റോഡിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി അനിൽ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം.

വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. വെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ തടഞ്ഞത്. പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.

സ്ത്രീകള്‍ കുളിക്കുമ്പോള്‍ ഇയാള്‍ കുളക്കടവിലെത്തി അവരെ ശല്യം ചെയ്തിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാള്‍ സ്ഥലം വിട്ടതായി വ്യക്തമായി. ഇയാള്‍ പത്തനം‌തിട്ടയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതനുസരിച്ച് ആറന്മുള പൊലീസ് ഇൻസ്‌പെക്‌ടർ സി കെ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പത്തനം‌തിട്ട കണ്ണങ്കരയിലെ ബാറിന് മുന്നിൽ നിന്നും ഞായറാഴ്‌ച രാവിലെ കസ്‌റ്റഡിയിൽ എടുത്തത്.

Leave a Comment

More News