തീയറ്ററുകളിൽ 1000 കോടി രൂപ കളക്ഷൻ കടന്ന കെ ജി എഫ് 2 ആദ്യമായി ടി വി യിൽ; സീ കേരളം ചാനലിൽ സെപ്റ്റംബർ 4ന്

കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും.

കോളാർ ഗോൾഡ് ഫീൽഡ്‌സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം. യഷ് ആണ് റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗരുഡയുടെ മരണത്തിനുശേഷം കെ. ജി. എഫിന്റെ അധിപനായി മാറിയ റോക്കി ഭായിക്കും കെ. ജി. എഫിൽ കണ്ണുനട്ടു കാത്തിരിക്കുന്ന കൊടും ക്രൂരനായ അധീരയ്ക്കും റോക്കി ഭായിയെ ഏതുവിധേനയും നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ ജീവിക്കുന്ന റാമിക സെന്നിനും ഇടയിൽ നടക്കുന്ന സംഭവബഹുലമായ കഥാവസരങ്ങളെ മുൻനിർത്തിയാണ് ചിത്രം പുരോഗമിക്കുന്നത്.

തന്റെ അമ്മയ്ക്ക് നൽകിയ വാക്കു നിറവേറ്റാൻ വേണ്ടി ജീവിക്കുന്ന റോക്കി ഭായി ഇന്ന് പ്രേക്ഷകർക്കിടയിൽ ഒരു അമാനുഷിക പരിവേഷം നേടിക്കഴിഞ്ഞു. സീ കേരളത്തിലൂടെ റോക്കി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ ഇന്നുവരെ മറ്റൊരു മലയാളം ചാനലിൽ നിന്നും ലഭിക്കാത്ത ദൃശ്യവിരുന്നാണ് ഈ ഓണത്തിന് മുന്നോടിയായി മലയാളി പ്രേക്ഷകർക്കു വേണ്ടി സീ കേരളം ഒരുക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News