15000 ഉത്പന്നങ്ങള്‍ വിലക്കുറവില്‍ എത്തിച്ച് ലുലു ഗ്രൂപ്പ് റംസാന്‍ വിപണി തുറന്നു

അബുദാബി : വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളില്‍ റംസാന്‍ വിപണി ഒരുങ്ങി. 30 മുതല്‍ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളിലായി 15,000 ഉത്പന്നങ്ങളാണ് റംസാന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്.

കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് യുഎഇ ലുലു ഹൈപ്പര്മാര്ക്കറ്റുകളില്‍ റംസാന്‍ വിപണിയില്‍ ഒരുക്കുന്നത്.മഹാമാരിക്ക് ശേഷമുള്ള ഈ റംസാന്‍ വാണിജ്യ വ്യവസായ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.

ഒരു മാസക്കാലം നീണ്ടുനിക്കുന്ന കച്ചവട മേളക്കും ലുലു വേദിയാകും. ഈന്തപ്പഴ ഫെസ്റ്റിവല്‍, പഴങ്ങള്‍ക്കും മാംസയിനങ്ങള്‍ക്കുമായി പ്രത്യേക മേള, ഹെല്‍ത്തി റംസാന്‍ എന്ന ആശയത്തില്‍ ആരോഗ്യപ്രദമായ ഭക്ഷണയിനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മേള, മീറ്റ് മാര്‍ക്കറ്റ്, ഇഫ്താര്‍ ബോക്‌സ്, വ്യത്യസ്ത തരം വീട്ടുപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന ‘റംസാന്‍ ഹോം’, മജ്‌ലിസ്, ഈദ് വസ്ത്രമേള എന്നിവയെല്ലാം വരും ദിവസങ്ങളില്‍ ലുലുവിലെ പ്രത്യേകതകളാകും. റംസാന്‍ ഷോപ്പിങ് എളുപ്പത്തിലാക്കാനുള്ള അവശ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകളും ലുലു അവതരിപ്പിച്ചു.

എല്ലാ ലുലു ശാഖകളിലും ഓണ്‍ലൈനിലും റംസാന്‍ വിപണിയൊരുക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു. ലുലു ഷോപ്പിങ് ആപ്പിലൂടെ ദിവസേന മാറിവരുന്ന ഇളവുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ സീസണില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി 100, 250, 500 ദിര്‍ഹത്തിന്റെ ഷോപ്പിങ് കാര്‍ഡുകളും ലുലു പുറത്തിറക്കിയിട്ടുണ്ട്. 12 മാസത്തെ കാലാവധിയുള്ള കാര്‍ഡുപയോഗിച്ച് നിരവധി തവണ ഇടപാടുകള്‍ സാധ്യമാണ്.

കഷ്ടതയനുഭവിക്കുന്ന കുട്ടികളുടെ ചികിത്സക്കായി മെയ്ക് എ വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതിക്കും ലുലുവില്‍ തുടക്കമായി. ഉപഭോക്താക്കള്‍ക്ക് രണ്ട് ദിര്‍ഹമോ അതിലധികമോ നല്‍കി പദ്ധതിയുമായി സഹകരിക്കാം. റംസാന്‍ മാസത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രത്യേക ഇഫ്താര്‍ ബോക്‌സുകളും പുറത്തിറക്കുമെന്ന് ലുലു ഗ്രൂപ്പ് അബുദാബി റീജിയണല്‍ ഡയറക്ടര്‍ ടി.പി.അബൂബക്കര്‍ പറഞ്ഞു.

അര്‍ഹരായവര്‍ക്ക് ഇത് സൗജന്യമായും ലഭ്യമാക്കും. ആകര്‍ഷകമായ ഭക്ഷ്യമേളകളും ആഘോഷങ്ങളുമായി റംസാന്‍ നൈറ്റ് സൂഖ് തെരഞ്ഞെടുക്കപ്പെട്ട ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.

അനില്‍ സി ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News