ഏലത്തോട്ടത്തിന് കാവൽ നിൽക്കുന്നത് ഇരുന്നൂറോളം പാമ്പുകൾ; വിള നശിപ്പിക്കുന്ന കുരങ്ങന്മാര്‍ ജീവനും കൊണ്ടോടുന്നു

ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ പാമ്പുകൾ കാവൽ നിൽക്കുന്ന ഏലത്തോട്ടമുണ്ട്. കാവൽക്കാരായി പാമ്പുകളെയാണ് തോട്ടം ഉടമ ഉപയോഗിക്കുന്നത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ക്ക് പാമ്പുകളെ നേരിട്ട് കാണുമ്പോള്‍ സത്യം ബോധ്യപ്പെടും. അവ ജീവനുള്ള പാമ്പുകളല്ല, ചൈനയിൽ നിന്ന് കടൽ കടന്നെത്തിയ ഒറിജിനൽ പാമ്പുകളെ റബ്ബർ പാമ്പുകളാണ്. കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താനാണ് ഈ പാമ്പുകളെ ഉപയോഗിക്കുന്നത്.

കൂലിപ്പണിക്കാരനായ ബിജു, കുരങ്ങുകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ തുരത്താൻ വഴി തേടുകയായിരുന്നു. ഇതിനിടയിലാണ് തോട്ടത്തിൽ ചത്ത പാമ്പിനെ കണ്ട് കുരങ്ങന്മാർ പേടിച്ച് ഓടുന്നത് ബിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടാണ് പരീക്ഷണമെന്നോണം ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്. ഇത് വിജയിച്ചതോടെ കൂടുതല്‍ പാമ്പുകളെ വാങ്ങി തോട്ടത്തില്‍ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍‍ഷമായി ഒരു വാനരന്‍ പോലും ഈ തോട്ടത്തില്‍ കടന്നിട്ടില്ലെന്നും ബിജു പറയുന്നു.

ചൂണ്ടയുടെ നൂൽ ഉപയോഗിച്ചാണ് പാമ്പുകളെ മരങ്ങളിലും ഏലച്ചെടികളിലും വയ്ക്കുന്നത്. ചെറിയ കാറ്റിൽ പോലും ഇവ ചലിക്കുന്നതിനാൽ ആദ്യം കാണുന്ന ആർക്കും പേടിയാകും. തോട്ടത്തിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ റബർ പാമ്പിനെ ‘തല്ലിക്കൊന്ന’ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ബിജു പറയുന്നു.

 

Print Friendly, PDF & Email

Leave a Comment