കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ച സംഭവത്തിൽ വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ നാവിക സേനയുടെ ഫയറിംഗ് പരിശീലനത്തിന്റെ സമയം പോലീസ് പരിശോധിച്ചുവരികയാണ്.

ഉന്നം തെറ്റി ബുള്ളറ്റ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ പതിച്ചതായിരിക്കാമെന്നുമാണ് നിഗമനം. കടലിൽ വെച്ച് വെടിയേറ്റ സ്ഥലത്തും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. തീരത്തുനിന്നുതന്നെ വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്(70) വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. നാവികസേനയുടെ എൈ.എന്‍.എസ് ദ്രോണചാര്യയ്ക്ക് സമീപത്ത് വച്ചാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയേറ്റത്.

സംഭവം നടന്നതിന് സമീപത്ത് നേവി ഉദ്യോഗസ്ഥർ പരിശീലനം നടത്തുകയായിരുന്നു. പരിശീലനത്തിനിടെ വെടിയുണ്ട അബദ്ധത്തിൽ സ്ഥാനം തെറ്റി സെബാസ്റ്റ്യന്റെ ചെവിയിൽ പതിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ബോട്ടിൽ കണ്ടെത്തിയ വെടിയുണ്ട തങ്ങളുടേതല്ലെന്ന് നാവികസേന അറിയിച്ചു. ആശുപത്രിയിലെത്തി ബുള്ളറ്റ് പരിശോധിച്ച ശേഷമാണ് നേവി ഇക്കാര്യം സ്ഥിരീകരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News