കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; എട്ടു മാസത്തിനിടെ പിടികൂടിയത് 105 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം

മലപ്പുറം: എട്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് 105 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാപകമായ തോതിൽ സ്വർണം പിടികൂടുന്നത് പതിവായതോടെ വാഹകർ പുതിയ വഴികൾ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എയർ കസ്റ്റംസ് മാത്രം ഈ വർഷം ഇതുവരെ 205 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. ഇതിന് ഏകദേശം 105 കോടി രൂപ വില വരും. ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഇതിന്റെ വിപണി വില മാത്രം പതിനൊന്ന് കോടിയാണ്.

എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു.

സ്വർണം വൻതോതിൽ പിടികൂടിയതോടെ വാഹകർ അത് കൊണ്ടുപോകാൻ പുതിയ വഴികൾ തേടുകയാണ്. ദേഹത്ത് ഒളിപ്പിച്ച് സ്വർണം കൊണ്ടുവരുന്നതിനുപകരം കള്ളക്കടത്തുകാര്‍ മറ്റുവഴികൾ തേടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സൈക്കിളിനുള്ളിൽ മെർക്കുറി പുരട്ടിയ സ്വർണക്കട്ടികൾ കൊണ്ടുവന്നതും അടിവസ്ത്രത്തിനുള്ളിൽ സ്വർണ ദ്രാവകം തേച്ചു പിടിപ്പിച്ച് കൊണ്ടുവന്നതും അതിനുദാഹരണങ്ങളാണ്. സ്വർണ്ണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും സ്വര്‍ണ്ണക്കടത്തുകാരുടെ എണ്ണം കൂടുകയാണ്. സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്ന് അത് തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമായി വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Print Friendly, PDF & Email

Leave a Comment

More News