ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് വടംവലി: കോട്ടയം ബ്രദേഴ്‌സ് ഓഫ് കാനഡയ്ക്ക് ട്രോഫി; 10101 ഡോളർ സമ്മാനം

നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതാന്‍ പോകുന്ന തരത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് കാനഡ കെ.ബി.സി. ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈസ് മണിയായ 10101 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ലോകമലയാളി വടംവലി കായികലോകം സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ 7 വര്‍ഷങ്ങളായി ഷിക്കാഗോ സോഷ്യല്‍ ക്ലബ് അഭിമാനപുരസരം നടത്തിവരുന്ന അന്തര്‍ ദേശീയ വടംവലി മത്സരം ഈ വര്‍ഷം (8-ാമത്) സെപ്തംബര്‍ 5ാം തീയതി ലോക വടംവലിചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇദംപ്രദമായി കുവൈറ്റ്, ലണ്ടന്‍ ടീമുകളെ പിന്തള്ളിക്കൊണ്ട് കാനഡയില്‍ നിന്നുള്ള രണ്ട് ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ എത്തിയത്. ഒന്നാം സ്ഥാനം കോട്ടയം ബ്രദേഴ്‌സ് കാനഡയും, രണ്ടാം സ്ഥാനം ഗ്ലാഡിയേറ്റേഴ്‌സ് കാനഡയും ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ നേടിയെടുത്തു. വിശിഷ്ടാതിഥികളായ കേരള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഈ ടൂര്‍ണമെന്റ് നടന്ന സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. തോമസ് മുളവനാല്‍, പ്രശസ്ത മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റ് വിദഗദ്ധന്‍ സ്റ്റീഫന്‍ ദേവസ്സി, സീരിയല്‍-സിനിമാ താരം അര്‍ച്ചനാ സുശീലന്‍ എന്നിവര്‍ പങ്കെടുത്തു.“രണ്ടാം സമ്മാനമായ 5555 ഡോളറും ജോയി മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫിലിപ്പ് മുണ്ടപ്ലാക്കിലാണ്. മൂന്നാം സമ്മാനമായ 3333 ഡോളറും ജോര്‍ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാബു പടിഞ്ഞാറേല്‍ ആണ്. മൂന്നാം സ്ഥാനം നേടിയത് ടാമ്പയില്‍ നിന്നുള്ള ടാമ്പാ ടസ്‌കേഴ്‌സാണ്. നാലാം സമ്മാനമായ 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മംഗല്യാ ജുവലേഴ്‌സ്, വുഡ്‌റിഡ്ജ്, ഷിക്കാഗോ ആണ്. സമ്മാനം നേടിയത് കുവൈറ്റില്‍ നിന്നുള്ള ഫ്രണ്ട്‌സ് ഓഫ് രജീഷ് എന്ന ടീമാണ്.

ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണങ്ങള്‍, സെപ്തംബര്‍ 4-ാം തീയതി നടന്ന ഫുഡ്‌കോര്‍ട്ടും 5-ാം തീയതി നടന്ന 101 പേരുടെ മെഗാ ചെണ്ടമേളഷോയും പങ്കെടുത്തു ഏകദേശം 3000 ല്‍ പരം ആളുകള്‍ക്ക് നല്‍കിയിരുന്ന ഓണ സദ്യയും അതിനോടനുബന്ധിച്ചു സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ നടന്ന ഇന്‍സ്ട്രമെന്റല്‍ സംഗീത സദ്യയും ആയിരുന്നു. ബിനു കൈതക്കതൊട്ടിയില്‍ പ്രസിഡന്റ്, ജോസ് മണക്കാട്ട്, ടൂര്‍ണമെന്റ് ചെയര്‍മാന്‍, ബൈജു ജോസ് പരുമല വൈസ്പ്രസിഡന്റ്, മനോജ് വഞ്ചിയില്‍ സെക്രട്ടറി, റോയി മുണ്ടയ്ക്കപറമ്പില്‍ ട്രഷറര്‍, സാജന്‍ മേലാണ്ടശ്ശേരില്‍, ജോയിന്റ് സെക്രട്ടറി, മാത്യു തട്ടാമറ്റം പബ്ലിക് റിലേഷന്‍ എന്നിവരാണ്. തുടര്‍ന്ന് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി മനോജ് വഞ്ചിയില്‍ സ്വാഗതവും, ട്രഷറര്‍ ജോയി മുണ്ടയ്ക്കപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയര്‍മാന്‍ ജോസ് മണക്കാട്ട് വടംവലി വിജയികളെ പ്രഖ്യാപിച്ചു. ഈ പൊതുയോഗത്തിന്റെ എം.സി. യായി റൊണാള്‍ഡ് പൂക്കുമ്പനായിരുന്നു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യല്‍ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു.

ഈ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടി.വി., ഫാന്‍സി വീഡിയോ, സംഗമം പത്രം, കേരള എക്‌സ്പ്രസ്സ്, ജോയിച്ചന്‍ പുതുകുളം, ക്‌നാനായ വോയ്‌സ്, വാചകം പത്രം, ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗ്ഗീസ്, റഫറിമാരായ ജോസ് ഇടിയാലി, നിണല്‍ മുണ്ടപ്ലാക്കല്‍, കമന്റേറ്റേഴ്‌സ് ആയ സജി പൂതൃക്കയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സ്വാദിഷ്ടമായ ഓണസദ്യയൊരുക്കിയ റോയല്‍ കാറ്ററിംഗ് തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.

കൂടാതെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ചിക്കാഗോയിലെയും നോര്‍ത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകര്‍ക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകര്‍ക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചര്‍ച്ചിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, ചിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകള്‍ക്കും, ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരോടും അതിനുമപ്പുറം ഇത് വന്‍ വിജയമാക്കിത്തീര്‍ത്ത സോഷ്യല്‍ ക്ലബ്ബിലെ എല്ലാ മെമ്പര്‍മാരോടും, ഈ ടൂര്‍ണമെന്റിന്റ് അലങ്കാരമായിത്തീര്‍ന്ന 101 പേരുടെ ചെണ്ടമേളം നടത്തിയ ചിക്കാഗോ ചെണ്ടമേളം അസോസിയേഷനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News