കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -12): ജോണ്‍ ഇളമത

ഫ്രാന്‍സിലെ ലൂയി പതിനൊന്നാമന്‍ രാജാവ്‌ റോമിലേക്ക്‌ അയച്ച തന്റെ പ്രതിനിധി കര്‍ദിനാള്‍ ജീന്‍ ഡി ബിലഹെറസ്‌, പോപ്പിന്റെ സെനഡിന്റെ അദ്ധ്യക്ഷനായി ചാര്‍ജ്ജെടുത്തു. ഏതൊരു കര്‍ദിനാളും അത്തരം പദവി അലങ്കരിക്കുമ്പോള്‍ റോമും സഭയും അവരെ ഉറ്റുനോക്കിക്കൊണ്ടിരിക്കും. കാരണം അവര്‍ പ്രഗത്ഭരാണ്‌, ബുദ്ധിമാന്മാരാണ്‌. സഭയെ നയിക്കാനും പാരമ്പര്യം പുലര്‍ത്താനും കെല്പുള്ളവര്‍.

നവോത്ഥാനകാലഘട്ടം സഭയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടമായിരുന്നു. അച്ചടിയായിരുന്നു നവോത്ഥാനത്തിന്‌ ആക്കം കൂട്ടിയത്‌. പഴയതിനെ തുടച്ചുമാറ്റുന്ന മുന്നേറ്റങ്ങളുടെ വീരഗാഥപോലെ അച്ചടിയിലൂടെ വിവരസാങ്കേതികവിദ്യ മാറിമറിഞ്ഞു. അതു വിദ്യാഭ്യാസത്തേയും ചിന്താധാരയേയും മാറ്റിമറിച്ചു. മണിക്കൂറുകളോളം കുനിഞ്ഞു കുത്തിയിരുന്ന്‌ കലാപരമായി പകര്‍ത്തി എഴുതുന്നവരെ “സ്ക്രൈപ്സ്‌’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവരെല്ലാം സന്യാസീസന്ന്യാസിനികളായിരുന്നു. പ്രധാനമായും പകര്‍ത്തി എഴുതിയത്‌ വിശുദ്ധ ലിഖിതങ്ങളായിരുന്നു. എന്നാല്‍, ജര്‍മ്മനിയില്‍ നിന്നുള്ള ജോഹനാസ്‌ ഗുട്ടന്‍ബര്‍ഗ്ഗ്‌ കണ്ടുപിടിച്ച അച്ചടിയന്ത്രം അത്ഭുതം സൃഷ്ടിച്ചു. നിരത്തിയ ലോഹ അക്ഷരങ്ങളിലുടെ കറുത്ത മഷി ഉരുണ്ടപ്പോള്‍ അച്ചടി യന്തം സാക്ഷാല്‍ക്കരിക്കപ്പെട്ടു. ലാറ്റിനിലിറങ്ങിയ നുറു സത്യവേദ പുസ്തകത്തിന്റെ കോപ്പികള്‍ മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങിയപ്പോള്‍ യൂറോപ്പാകെ അമ്പരന്നു.

അക്കാലത്തുതന്നെ പുതിയ വാസ്തുശിലപനിര്‍മ്മാണവും ആവിര്‍ഭവിച്ചു. ഫിലിപ്പോ ബ്രൂണെല്‍ഷി എന്ന സ്വര്‍ണ്ണപ്പണിക്കാരനും ശില്പിയുമത്രേ അതിനു തുടക്കം കുറിച്ചത്‌. ഫ്ലോറന്‍സിലെ പള്ളികളും ആശുപത്രികളും പ്രഭു മന്ദിരങ്ങളും വലിയ ഉരുളന്‍ മാര്‍ബിള്‍ത്തുണുകളും ഗോപുരങ്ങളും ഗോഥിക്‌ വാതയാനങ്ങളാലും പുതിയ ശില്പചാതുര്യത്തില്‍ കണ്ണു ചിമ്മി.

അങ്ങനെയിരിക്കവെയാണ്‌ കര്‍ദിനാള്‍ ജീന്‍, പോപ്പിന്റെ പ്രതിനിധിയായി അവരോധിക്കപ്പെട്ടത്‌. പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണം. അധികം ആലോചിച്ച്‌ സമയം പാഴാക്കുംമുമ്പ്‌ കര്‍ദിനാളിന്റെ മനസ്സിലേക്കോടിവന്നത്‌ ഇരുപത്തിരണ്ട്‌ കഴിഞ്ഞ യുവശില്പി മൈക്കെലാഞ്ജലോയാണ്‌. മൈക്കിള്‍ ഒട്ടേറെ പ്രസിദ്ധനായിക്കഴിഞ്ഞിട്ടുണ്ട്‌. വെനീസിലും ബോള്‍ഗാന്‍ണ്ടായിലും റോമിലുമൊക്കെ. ഇപ്പോള്‍ റോമില്‍ തന്നെ താമസം. കാര്‍ഡിനല്‍ മൈക്കെലാഞ്ജലോയെ വെക്കം ക്ഷണിച്ചു വരുത്തി. കുതിര വണ്ടിയില്‍നിന്ന്‌ മെലിഞ്ഞു നീളം കൂടിയ ഒരു യുവാവ്‌ കര്‍ദിനാലിന്റെ മുമ്പിലേക്ക്‌ ഗൗരവം വിടാതെ ഇറങ്ങിവന്നു. കര്‍ദിനാള്‍ ആദ്യം കാണുകയാണ്‌ മൈക്കെലാഞ്ജലോയെ.

മൈക്കിള്‍, കര്‍ദിനാലിന്റെ മുമ്പില്‍ മുട്ടുകുത്തി കരം ഗ്രഹിച്ച്‌ ഭക്തിയും ബഹുമാനവും പ്രകടമാക്കി. മൈക്കിളിന്റെ നീണ്ടു പരുപരുത്ത അല്പം വളവുതിരിവുകളുള്ള കരാംഗുലികളും നീണ്ട നാസികയും വീതികൂടിയ നെറ്റിത്തടവും തീക്ഷ്ണമായ കണ്ണുകളിലും കര്‍ദിനാള്‍ പ്രതിഭാധനനായ ഒരു മഹാശില്പിയെ ദര്‍ശിച്ചു.

ഇരിക്കണം സെഞ്ഞ്വോര്‍ മൈക്കെലാഞ്ജലോ. കര്‍ദിനാള്‍ തനിക്കഭിമുഖമായി മൈക്കെലാഞ്ജലോയെ ഇരുത്തി തുടര്‍ന്നു:

എന്റെ മനസ്സില്‍ ഒട്ടേറെ പദ്ധതികളുണ്ട്‌. എങ്കിലും ആദ്യമായി താങ്കള്‍ എനിക്കുവേണ്ടി ഒരു രൂപം കൊത്തണം. അതിമനോഹരമായിരിക്കണം. താങ്കള്‍ക്കു മാത്രമേ അതിനു കഴിയൂ എന്നാണ്‌ എന്റെ വിശ്വാസം. ഒരുപക്ഷേ, പ്രായവും പരിചയസമ്പത്തുമുള്ള ലിയനാര്‍ഡോ ഡാവിന്‍ചിക്കുപോലും അതിന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ കഴിയുകയില്ല എന്ന ധാരണകൊണ്ടു തന്നെ താങ്കളെ അതിന്‌ ക്ഷണിക്കുന്നത്‌. ഞാന്‍ കണ്ടിട്ടുള്ള ശില്പങ്ങളില്‍വെച്ച്‌ താങ്കളുടെ ശില്പങ്ങളുടെ പൂര്‍ണ്ണതയാണ്‌ എന്നെ ഈ വിധം ചിന്തിപ്പിക്കുന്നത്‌. പഴക്കം കൊണ്ടോ, പരിചയം കൊണ്ടോ താങ്കള്‍ക്കുള്ള സിദ്ധി മറ്റൊരു ശില്പിക്കുണ്ടാകണമെന്നില്ല.

എന്താണ്‌ പിതാവ്‌ പറഞ്ഞുവരുന്നത്‌?

സഭയിലുള്ള വിശ്വാസം ഉറപ്പിക്കണം. സാധാരണക്കാര്‍ക്ക്‌ വിദ്യാഭ്യാസം നന്നേ കുറവായതുകൊണ്ട്‌, ബൈബിള്‍ വായിച്ച്‌ ശ്രഹിക്കാനാവില്ലല്ലോ. ഹൃദയസ്പര്‍ശിയായ ശില്പങ്ങളിലുടെ വായനയുടെ കുറവു നികത്തി അവരുടെ മനസ്സില്‍ ബൈബിള്‍ പതിയണം. അതിന്‌ ശില്പങ്ങള്‍ക്കുള്ള സാദ്ധ്യത വളരെയേറെയാണ്‌. പ്രത്യകിച്ച്‌ താങ്കളെപ്പോലൊരു ശില്പിക്ക് രൂപങ്ങള്‍ക്ക്‌ ജീവന്‍ കൊടുക്കാനാകും, ഭാവഹാവാദികളില്‍! എന്റെ മനസ്സില്‍ ഒരു രൂപമുണ്ട്‌. അത്‌ സാക്ഷാല്‍ക്കരിക്കുമെങ്കില്‍ സെന്റ്‌ പീറ്റര്‍ കത്തീഡ്രലില്‍ അത്‌ സ്ഥാപിക്കണമെന്നാണ്‌ എന്റെ ഇച്ഛ!

ആ രൂപമെന്തായിരിക്കും?

ആരുമിതുവരെ പരീക്ഷിക്കാത്ത രണ്ടു രൂപങ്ങളുടെ സംയോജനം.

രണ്ടുരൂപങ്ങളുടെ സംയോജനമോ?

അതേ, പക്ഷേ, വേര്‍പെടുത്താനാവാത്ത ഒരമ്മയുടെയും മകന്റെയും ശില്പമാണ്‌. ‘പിയറ്റ’. എന്നാല്‍ സഹതാപം എന്നുതന്നെ ആ ശില്പത്തിന്‌ എന്റെ മനസ്സിലുള്ള പേര്‌! ക്രൂശു മരണത്തിനുശേഷം ക്രൂര മരണംകൊണ്ടു തളര്‍ന്ന യേശുതമ്പുരാന്റെ ദിവൃശരീരം മാതാവിന്റെ മടിയില്‍ കിടത്തിയിരിക്കുന്ന ഒരു മഹാശില്പം. മനുഷ്യസ്വഭാവമുള്ള മാതാവിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുന്ന ആര്‍ദ്രതയും വ്യാകുലതയും ആ ശില്പത്തിനു ണ്ടാകണം.

മൈക്കിള്‍ ദീര്‍ഘമായ ഒരാലോചനയ്ക്കുശേഷം പറഞ്ഞു;

നല്ല ആശയംതന്നെ. അത്തരമൊരു ശില്പം ഒരു ശില്പിയും കൊത്തിയിട്ടില്ല. രണ്ടു രൂപങ്ങള്‍ ഒരേ കല്ലില്‍. പക്ഷേ, അതിന്‌ വലിയൊരു കല്ലു വേണം. അസാധാരണ വീതിയുള്ള കല്ല്‌. അത്തരമൊന്ന്‌ ടസ്കിനിയിലെ പാറ മടയില്‍നിന്ന്‌ സ്വന്തമായി വെട്ടിയെടുക്കണം. അതിന്‌ പ്രത്യേക അനുമതിയും വേണം. തിരുമനസ്സിലേക്കറിയാമല്ലോ സെറ്റിങ്നാനോയിലെ നിയമങ്ങള്‍. അവിടത്തെ പാറമടകള്‍ മുഴുവന്‍ ലേലത്തില്‍ പിടിച്ചിരിക്കുന്നത്‌ ഇറ്റലിയിലെ പ്രമുഖ പ്രഭുക്കന്മാരാണ്‌. അവര്‍ അത്‌ വന്‍കിട വ്യവസായികള്‍ക്ക്‌ കരാര്‍ കൊടുത്തിരിക്കുകയാണ്‌. കല്ലുകള്‍ വെട്ടി ചെത്തിമിനുക്കി ശില്പികള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ അവരാണ്‌. അവിടെ ഇപ്പോള്‍ അത്തരം കച്ചവടക്കാരുടെ പ്രദര്‍ശനശാലകളുണ്ട്‌. ഇത്തരമൊരു ശില്പം കൊത്താന്‍ വീതികൂടിയ ഒരു കല്ലു കിട്ടിയാല്‍ ഭാഗ്യം! ഏതായാലും അത്രടംവരെ പോയി ഞാനൊന്ന്‌ അന്വേഷിച്ചു വരട്ടെ!

അന്വേഷിക്കുക. കിട്ടുന്നില്ലെങ്കില്‍ത്തന്നെ വഴിയുണ്ടാക്കാം. താങ്കള്‍ക്കിഷ്ടമുള്ള വലുപ്പത്തില്‍ ഒരു മാര്‍ബിള്‍ക്കല്ല്‌ അടര്‍ത്തിയെടുക്കാന്‍ വേണ്ട ഏര്‍പ്പാട്‌ ചെയ്യാം. എങ്കിലും സാമാനൃത്തിലേറെ വീതിയുള്ള ഒരു കല്ലില്‍ എങ്ങനെയാണ്‌ രണ്ടു രൂപങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത്‌ കൊത്തുക? അപ്പോള്‍ അതനുസരിച്ചുള്ള പൊക്കവും ആ കല്ലിന്‌ ഉണ്ടായിരിക്കണമല്ലോ. അങ്ങനെ ഒരു കല്ല്‌ അടര്‍ത്തിയെടുക്കുന്നതിലേറെ അത്‌ റോമില്‍ ഉടയാതെ എത്തിക്കുന്നതിനെപ്പറ്റിയാണ്‌ നാം ചിന്തിക്കുന്നത്‌.

അങ്ങനെ ഒരു ഭീമാകാരമായ കല്ലല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌. സാധാരണ ചെത്തിയെടുക്കുന്ന ഒരാള്‍ വലിപ്പമുള്ള കല്ല്‌ മതിയാകും. പക്ഷേ, നീളം കുറഞ്ഞ്‌ വീതി കൂടി ഇരിക്കുന്ന മാതാവിന്റെ മടിയില്‍ കിടത്തിയിട്ടുള്ള ഒരു രൂപമാണ്‌ എന്റെ മനസ്സില്‍.

അതു കൊള്ളാം. ഒരു ശില്പിക്കു മാത്രമേ ശില്പം എങ്ങനെയിരിക്കണമെന്ന ഭാവന ഉണ്ടാകു. കല്ലുകള്‍ ദര്‍ശിക്കുമ്പോള്‍ത്തന്നെ അതിനുള്ളിലെ ശില്പം കാണാന്‍ കഴിയുന്ന അതിഭാവനയുള്ളവര്‍തന്നെ ശില്പികള്‍.

കര്‍ദിനാലുമായി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മൈക്കെലാഞ്ജലോയുടെ മനസ്സില്‍ കൊത്താന്‍ പോകുന്ന ആ വലിയ ശില്പത്തിന്റെ ആലോചനയിലായിരുന്നു. മാതാവിന്റെ മടിയില്‍ യേശുവിന്റെ തിരുശരീരം എങ്ങനെ ഒതുക്കും? അതൊരു സങ്കീര്‍ണ്ണമായ പ്രശ്നം തന്നെ. കര്‍ദിനാലിനോട്‌ സംസാരിച്ചപ്പോഴോ ഉടമ്പടി സ്ഥിരപ്പെടുത്തിയപ്പോഴോ അതിന്റെ പ്രായോഗിക പ്രശ്നങ്ങളെപ്പറ്റി വേണ്ടവിധം ചിന്തിച്ചിരുന്നില്ല. ആറടി നീളമുള്ള ശരീരം കേവലം ഒരടി വീതിയുള്ള മടിത്തട്ടില്‍ ഒതുക്കിയാല്‍ അത്‌ ആ ശില്പത്തെ മനോഹരമാക്കുമോ? എങ്ങനെ അത്തരമൊരു ശില്പം മനോഹരമായി കൊത്തിയെടുക്കാനാകും?

ഒരു ആവേശത്തിനുവേണ്ടി പറഞ്ഞുപോയതാണ്‌. കര്‍ദിനാലിന്റെ മുമ്പില്‍ ചെറുതാകാനാവില്ല. എങ്ങനെയെങ്കിലും അതു പ്രാവര്‍ത്തികമാക്കണം. അതായി പിന്നീടുള്ള ചിന്ത. കുറേനേരം ആലോചിച്ചപ്പോള്‍ മൈക്കിളിന്റെ മുമ്പില്‍ ഒരു വഴി കിട്ടി. എന്തായാലും പാകത്തിനുള്ള കല്ലു കിട്ടുമോ എന്നുകൂടി നോക്കട്ടെ. റോമില്‍ നിന്ന്‌ കുതിരവണ്ടിയില്‍ പുറപ്പെട്ടു. ദിവസങ്ങളോളമെടുത്തു സെറ്റിങ്നാനോ പ്രവിശ്യയിലെത്താന്‍. അവിടെ എപ്പിന്‍യിന്‍ മലനിരകള്‍ സുര്യവെളിച്ചത്തില്‍ കുളിച്ചു പ്രകാശിക്കുന്നു. കൂട്ടത്തില്‍ കറാറാപ്പാറകള്‍ക്കാണ്‌ ഏറെ തിളക്കം. പൊന്നു വിളയുന്ന ഖനികള്‍പോലെ ഏറെ തിരക്കുള്ള പാറമടകളാണ്‌ കറാറായില്‍. വിവിധതരം മാര്‍ബിള്‍ക്കല്ലുകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന പ്രകാശധാര.
കുതിരവണ്ടി കറാറപാറകളുടെ താഴ്‌വാരത്തെത്തി. ഇറ്റലിയില്‍നിന്നു തന്നെയല്ല മെഡിറ്ററേനിയന്‍ തീരങ്ങളിലെ ശില്പികളും പ്രഭുക്കന്മാരുമാണ്‌ അവിടെ മാര്‍ബിള്‍ക്കല്ലുകള്‍ വാങ്ങാനെത്തിയിരിക്കുന്നത്‌. താഴ്‌വാരത്ത് വ്യാപാരികളുടെ പ്രദര്‍ശന ശാലകളില്‍ പല വലിപ്പമുള്ള, വിവിധ വര്‍ണ്ണങ്ങളിലുള്ള മാര്‍ബിള്‍ക്കഷണങ്ങള്‍, പാലിന്റെ നിറമുള്ളവ, വെണ്ണയുടെ നിറമു ള്ളവ. ചാരനിറം, ചെങ്കള്‍നിറം. എന്തിന്‌ കറുപ്പു വരെ. നിറവും വലിപ്പവും കാഠിന്യവും അനുസരിച്ചാണ്‌ വില നിര്‍ണ്ണയിച്ചിരിക്കുന്നത്‌. അടുത്തകാലം വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോള്‍ മാര്‍ബിളുകള്‍ക്ക്‌ സ്വര്‍ണ്ണത്തോളം വില എത്തിയിട്ടുണ്ടെങ്കില്‍ അതിനുകാരണം നവോത്ഥാനത്തിന്റെ കൊടും കാറ്റുതന്നെ. കുറേനാള്‍ മുമ്പുവരെ ആര്‍ക്കും വേണ്ടാതെ കിടന്ന ഈ കല്ലു കള്‍ വെട്ടിയെടുത്ത്‌ പുരയുടെ തറയും കുതിരവണ്ടി നിരത്തുകള്‍ ഉറപ്പിക്കാനും ഉപയോഗിച്ചിരുന്നു. പിന്നീടാണ്‌ ശില്‍പികള്‍ ഇവിടെ എത്തി പാറകള്‍ മുറിച്ച്‌ കുതിരവണ്ടികളില്‍ കയറ്റിപ്പോകാന്‍ തുടങ്ങിയത്‌. ഇന്നോ! ഇത്‌ പ്രഭുക്കളുടെ വലിയ വരുമാനമാര്‍ഗ്ഗമായിരിക്കുന്നു.

മൈക്കെലാഞ്ജലോ പ്രദര്‍ശനശാലകളില്‍ കയറിയിറങ്ങി. ഒരു കല്ലും ഉദ്ദേശിച്ച അളവില്‍ കണ്ടുകിട്ടിയില്ല. എന്നാല്‍ ഒരു വെള്ളാരം മാര്‍ബിള്‍ക്കല്ല്‌ ഉപേക്ഷിച്ച നിലയില്‍ ഒരു പ്രദര്‍ശന ശാലയുടെ ഉടഞ്ഞ കല്ലുകളോടൊപ്പം വെളിയില്‍ കിടക്കുന്നതു കണ്ടു. മൈക്കിള്‍ ആ കല്ല്‌ അളന്നു. ഓ, ഇതു കൊള്ളാം! ഉള്ളില്‍ കയറി വ്യാപാരിയോടന്വേഷിച്ചു:

പുറത്ത്‌ ഉപേക്ഷിച്ച രീതിയിലുള്ള ആ കല്ലാണ്‌ എനിക്കു വേണ്ടത്‌. വിലയും തരാം. മൈക്കെലാഞ്ജലോ വ്യാപാരിയുടെ ഉത്തരത്തിനു കാത്തു നിന്നു.

വ്യാപാരി ചിരിച്ചു; താങ്കള്‍ വില തരണ്ട. ആ കല്ല്‌! ഇവിടെനിന്ന്‌ ഒന്നൊഴിവാക്കിത്തന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊരു പാരിതോഷികാതന്നെ തരാം. കല്ലു വെട്ടുകാര്‍ ശില്പങ്ങള്‍ക്കുള്ള കല്ല് അളവില്‍ മുറിച്ചശേഷം ബാക്കി വന്ന കരിങ്കല്‍ക്കഷ്ണമാണ്‌. ഒരു ശില്പവും അതില്‍നിന്ന്‌ കൊത്താന്‍ കഴിയുകയില്ലെന്നാണ്‌ ഇവിടെ എത്തിയ എല്ലാ ശില്പികളുടെയും അഭിപ്രായം! താങ്കള്‍ ഒരു ശില്പിയാണോ? എന്തുതരം വസ്തുവാണ്‌ നിങ്ങള്‍ ഇതില്‍നിന്ന്‌
കൊത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നത്‌, നീളം കൂടി വീതി കുറഞ്ഞ ഈ കല്ലില്‍ നിന്ന്‌? അതോ ഒരുപക്ഷേ, നിങ്ങള്‍ അദ്ധ്വാനിച്ചാല്‍ കുറേ ചെറു ശില്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. ആര്‍ക്കു വേണം, ഇക്കാലത്ത്‌ ചെറു ശില്പങ്ങള്‍! കേട്ടിട്ടില്ലേ ലിയനാഡോ ഡാവിന്‍ചി എന്ന മഹാശില്പിയെപ്പറ്റി! അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അദ്ദേഹത്തിനുവേണ്ടി ഇവിടെ വന്ന്‌ ഈ കല്ല്‌ കണ്ടിട്ടു പറഞ്ഞു:

ഒരു ശില്പവും കൊത്താന്‍ കഴിയാത്ത ഈ കല്ല് ഇനിയും നിങ്ങള്‍ പ്രദര്‍ശന ശാലയില്‍ സൂക്ഷിക്കരുത്‌, അതു കുപ്പക്കുഴിയില്‍ എറിയുക എന്ന്‌.

(തുടരും……)

 

Print Friendly, PDF & Email

Leave a Comment

More News