ഇന്ത്യയെ കൊള്ളയടിച്ചതാര് ? (ലേഖനം): ജെയിംസ് കുരീക്കാട്ടിൽ

ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത് കൊണ്ടുപോയിട്ടുമുണ്ട്. സമ്പത്തിനുവേണ്ടി തന്നെയായിരുന്നല്ലോ ഇവരെല്ലാം നടത്തിയ ഈ അധിനിവേശങ്ങളും. പക്ഷെ ബ്രിട്ടീഷ് കാർക്ക് മുമ്പും, ബ്രിട്ടീഷ് കാർ ഭരിച്ചിരുന്നപ്പോഴും ഒരു അധിനിവേശവും നടത്താതെ സ്വന്തം ജനതയെ കൊള്ളയടിച്ച്, ലക്ഷകണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും സുഖലോലുപതയിൽ ജീവിച്ച ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. അഞ്ഞൂറിലധികം വരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർ.

ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ കൊള്ളയടിക്കുന്നതിലും നൂറ്റാണ്ടുകളോളം പട്ടിണിക്കിടുന്നതിലും ബ്രിട്ടീഷ് കാരെ കാൾ അവർ വഹിച്ച പങ്കും, സ്വന്തം ജനതയോട് അവർ കാണിച്ച മനുഷ്യത്വ രഹിതമായ ക്രൂര വിനോദങ്ങളും ചരിത്രത്തിൽ വായിച്ചിട്ടും അത് പറയാൻ മടിക്കുന്നതിന്റെ പേരാണോ രാജ്യസ്നേഹം? എങ്കിൽ ആ രാജ്യസ്നേഹികൾക്കായി നമ്മുടെ സ്വന്തം രാജാക്കന്മാരിൽ ചിലരെ പരിചയപ്പെടുത്താം.

പാട്യാലയിലെ രാജാവായിരുന്ന മഹാരാജാ ഭൂപീന്ദർ സിങ്ങിനെ കുറിച്ച് കേട്ടിട്ടില്ലേ. ഇല്ലെങ്കിൽ കേട്ടൊള്ളൂ. 1891 മുതൽ 1938 വരെയായിരുന്നു ഭരണകാലം. രാജാവിന്റെ അന്തപുരത്തിൽ ഉണ്ടായിരുന്നത് 350 വെപ്പാട്ടികൾ ആയിരുന്നു. 2004 ൽ പ്രസിദ്ധീകരിച്ച ലൂസി മൂറിന്റെ ( Lucy Moore ) മഹാറാണീസ് (Maharanis ) എന്ന പുസ്തകത്തിൽ അവർ ഈ രാജാവിനെ കുറിച്ച് പറയുന്ന ഒരു ഭാഗം ഉണ്ട്. “we all have different ways of beginning a day. The English man begins on bacon and eggs. The German on sausages, the American on grape nuts, His Highness prefers a Virgin”.

44 Rolls Royce കാറുകളാണ് ഇയാൾക്ക് അക്കാലത്ത് ഉണ്ടായിരുന്നത്. ലക്ഷകണക്കിന് ജനങ്ങൾ പട്ടിണി കിടക്കുന്ന ഒരു നാട്ടുരാജ്യത്താണെന്ന് ഓർക്കണം. ഇതിനെല്ലാം പുറമെ അയാൾ നടത്തുന്ന ഒരു വിനോദം ഉണ്ടായിരുന്നു. ആയിരത്തൊന്ന് വജ്രങ്ങളും പതിപ്പിച്ച ഒരു നെക്‌ലേസ് മാത്രം ധരിച്ച്‌ പൂർണ്ണ നഗ്നനായി അയാൾ ഇടക്കിടക്ക് നടത്തുന്ന പ്രദക്ഷിണം. അന്നത്തെ കാലത്ത് അയാൾ ആ മാല മാത്രം ലോയ്‌ഡ് ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്തിരുന്നത് പോലും 10 ലക്ഷം ഡോളറിനായിരുന്നു.

അയാളുടെ അന്തപുരത്തിൽ ഉണ്ടായിരുന്നത് ഇന്ത്യക്കാരി പെണ്ണുങ്ങൾ മാത്രമായിരുന്നില്ല. അധിനിവേശങ്ങൾ ഒന്നും നടത്തിയിരുന്നില്ലെങ്കിലും കാശ് കൊടുത്ത് വിദേശത്ത് നിന്ന് എത്തിച്ച വെള്ളക്കാരി പെണ്ണുങ്ങളും ഉണ്ടായിരുന്നു.
ജൂനഗഡിൽ ഒരു രാജാവുണ്ടായിരുന്നു. പേര് ഇപ്പോൾ ഓർമ്മയിലില്ല. “സ്വാതന്ത്ര്യം അർത്ഥരാത്രിയിൽ” (Freedom at Midnight) എന്ന പുസ്തകത്തിൽ പേരും വിശദാശംങ്ങളും കൃത്യമായി വിവരിക്കുന്നുണ്ട്. രാജാവിന് പട്ടികളോടായിരുന്നു കമ്പം. തനിക്ക് പ്രിയപ്പെട്ട രണ്ട് പട്ടികളുടെ വിവാഹം നടത്താൻ അന്നത്തെ കാലത്ത് 60 ലക്ഷം പവൻ സ്വർണ്ണം ആണ് ചിലവഴിച്ചത്. അഞ്ച് ലക്ഷത്തോളം ജനങ്ങൾ പട്ടിണി അനുഭവിക്കുന്ന ഒരു രാജ്യത്താണെന്ന് ഓർക്കണം.

രാജസ്ഥാനിലെ ആൾവാർ രാജാവിന്റെ വിനോദത്തെ കുറിച്ച് വായിച്ചിട്ടില്ലേ? കടുവകളെ കൃത്യമായി വെടി വെക്കുന്നതിലായിരുന്നു ആളുടെ വിരുത്. അതിനായ് ഭടന്മാരെ വിട്ട് ഗ്രാമങ്ങളിൽ നിന്ന് കൃഷിക്കാരുടെ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടു വരും. എന്നിട്ട് തന്റെ കടുവകളെ തുറന്നു വിടും. കുട്ടികൾക്ക് നേരെ ചാടിവീഴുന്ന കടുവകളെ വെടിവെച്ചിടും. പക്ഷെ രാജാവിന് പലപ്പോഴും ഉന്നം തെറ്റുമായിരുന്നു. രാജാവല്ലേ, ഇന്ത്യക്കാരന്റെ സ്വന്തം രാജാവ്. ആര് ചോദിക്കാൻ. ഹൈദരാബാദിലെ നൈസാമിന്റെ സമ്പത്തിനെ കുറിച്ച് നമ്മൾ കേട്ടിട്ടില്ലേ.

അവരുടെ ഒക്കെ കാര്യം പോട്ടെ, നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു കുറെ നാട്ടുരാജ്യങ്ങളും രാജാക്കന്മാരും. സമ്പത്തും ഉണ്ടായിരുന്നു ധാരാളം. എവിടെ നിന്നാണ് അവർ ഈ സമ്പത്ത് എല്ലാം ആർജ്ജിച്ചത്. കുഴിച്ചെടുക്കാൻ നമ്മുടെ മണ്ണിൽ സ്വർണ്ണവും വജ്രവും ഒക്കെ ഉണ്ടായിരുന്നോ? അന്ന് പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണിയിൽ കഴിഞ്ഞിരുന്ന പാവപെട്ട മനുഷ്യരെ പലവിധ നികുതികളിലൂടെ പിഴിഞ്ഞെടുത്ത സമ്പത്തായിരുന്നു എല്ലാം.

നിങ്ങൾ മുലക്കരം, മീശകരം, ഏണികരം എന്നൊക്കെ കേട്ടിട്ടുണ്ടോ? ചാരായം വാറ്റുന്ന ചട്ടിക്ക് വരെ കരം കൊടുക്കണമായിരുന്നു. തിരുവിതാംകൂർ ഭരിച്ചിരുന്ന ബാലരാമവർമ്മയുടെ ഭരണകാലത്തെ നികുതികളെ കുറിച്ച് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ.

ഏഴയും കോഴയും, തപ്പും പിഴയും, പുരുഷാന്തരം, പുലയാട്ട് പെണ്ണ്, കാഴ്ച്ച, ദത്ത് കാഴ്ച്ച, തിരുമുൽ കാഴ്ച്ച, ആണ്ട കാഴ്ച്ച, അറ്റാലടക്കം, ചേരിക്കൽ, ചെങ്കൊമ്പ്, തലപ്പണം, രക്ഷാഭോഗം, അങ്ങനെ നൂറിലേറെയുണ്ടായിരുന്നു നികുതികൾ. അതിൽ എടുത്ത് പറയേണ്ട മറ്റൊരു നികുതിയായിരുന്നു “കൊതകാണം”. തിരുവിതാംകൂർ ഭരിച്ച രാജവംശം അവർണ്ണന്റെയും ദരിദ്രന്റെയും മേൽ അടിച്ചേൽപ്പിച്ച ഒരു നികുതിയായിരുന്നു കോതകാണം. കൊതം എന്നാൽ സംഗതി ഗുദം തന്നെയാണ്. അതായത് സ്വന്തമായി ഭൂമിയില്ലാത്ത ഒരു പാവപ്പെട്ടവൻ ദേവസ്വം, ബ്രഹ്മസ്വം വക ഭൂമിയിൽ മലവിസർജ്ജനത്തിനിരുന്നാൽ ഈടാക്കുന്ന നികുതിയായിരുന്നു കോതകാണം.

ഇനിയും പറയൂ… ആരാണ് നൂറ്റാണ്ടുകളായി ഇന്ത്യക്കാരനെ കൊള്ളയടിച്ചത്?

Print Friendly, PDF & Email

One Thought to “ഇന്ത്യയെ കൊള്ളയടിച്ചതാര് ? (ലേഖനം): ജെയിംസ് കുരീക്കാട്ടിൽ”

  1. MP Sheela

    എനിക്കിന്നിതു വായിച്ചിട്ടു ജ്വലിക്കുന്നുണ്ട് കോപം!

Leave a Comment

More News