കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഓണാഘോഷത്തിൽ ഗായകൻ ഹരീഷ് രാഘവേന്ദ്രൻ മുഖ്യാതിഥിയായി

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) -ന്റെ ഈ വർഷത്തെ ഓണാഘോഷം നാഷ്‌വിൽ ഗണേശ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. താലപ്പൊലിയോടെയും ചെണ്ടമേളത്തോടെയും പുലിക്കളിയുടെ അകമ്പടിയോടേയും നടന്ന ഘോഷയാത്രക്കും മാവേലിയുടെ വരവേല്പിനും കാൻ ഭാരവാഹികൾ നേതൃത്വം നല്കി.

പ്രശസ്ത തമിഴ് സിനിമാ ഗായകനും നടനുമായ ശ്രീ ഹരിഷ് രാഘവേന്ദ്ര മുഖ്യാതിഥിയായിരുന്നു. ഗണേശ ടെമ്പിൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 10-ന്‌ നടന്ന ഓണാഘോഷ സമാരംഭ (Opening Ceremony) ചടങ്ങിൽ മാവേലിയായി വന്ന സൂരജ് ശങ്കരമംഗലം, മുഖ്യാതിഥി ഹരീഷ് രാഘവേന്ദ്ര, കാൻ ഭാരവാഹികൾ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തെയും മലയാളഭാഷയേയും എന്നും താൻ ആദരവോടെയാണ്‌ കണ്ടിട്ടുള്ളതെന്ന് ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടു അദ്ദേഹം നടത്തിയ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഓണം ഒരു മതപരമായ ചടങ്ങാക്കാതെ സാംസ്കാരിക ചടങ്ങാക്കിയതിൽ കാൻ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള മലയാളികളുടെ ഇച്ഛാശക്തി അഭിനന്ദനാർഹവും അസൂയാവഹവുമാണെന്ന് ശ്രീ രാഘവേന്ദ്ര കൂട്ടിചേർത്തു.

നമ്മുടെ കുട്ടിക്കാലത്ത് നാം അനുഭവിച്ച കേരളത്തനിമയും സംസ്കാരവും മലയാളഭാഷയും പുതിയ തലമുറക്ക് പകർന്നുകൊടുക്കാൻ കുടുംബസദസ്സുകളിലൂടെ നമുക്കെല്ലാം കഴിയുമെന്ന പ്രത്യാശ അദ്ധ്യക്ഷപ്രസംഗം നിർവഹിച്ച കാൻ പ്രസിഡണ്ട് ശ്രീ രാകേഷ് കൃഷ്ണൻ പ്രകടിപ്പിച്ചു. ശ്രീ ഹരീഷ് രാഘവേന്ദ്രയെ മൊമെന്റൊ നല്കി രാകേഷ് കൃഷ്ണൻ ആദരിക്കുകയും ചെയ്തു. പുതിയതായി ഗ്രാഡ്വേറ്റ് ചെയ്ത കീർത്തന പ്രദീപ് നയർ, ആഷിക പ്രദീപ്, നകുൽ കുമാർ, നീദ അൻസാരി, അഖില അശോകൻ, നാദിയ നവാസ്, നന്ദന മേനോൻ എന്നിവരെ അഭിനന്ദിക്കുകയും അവർക്കുള്ള ഉപഹാരങ്ങൾ ശ്രീ ഹരീഷ് രാഘവേന്ദ്ര വിതരണം ചെയ്യുകയും ചെയ്തു. കാൻ സംഘടിപ്പിച്ച കായിക മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ശ്രീ രാഘവേന്ദ്രയും കാൻ ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിബു പിള്ള സ്വാഗതം പറഞ്ഞ യോഗത്തിന്‌ സെക്രട്ടറി ശങ്കർ മന കൃതജ്ഞത പ്രകാശിപ്പിച്ചു. കൾച്ചറൽ കമ്മിറ്റി ചെയർ മനോജ് രാജൻ സമാരംഭചടങ്ങിൽ എംസി ആയിരുന്നു.

കാൻ ട്രഷറർ അനിൽ പത്യാരി, ജോയിന്റ് സെക്രട്ടറി രശ്മി സാം, ജോയിന്റ് ട്രഷറർ അനിൽകുമാർ ഗോപാലകൃഷ്ണൻ, ഫൂഡ് കമ്മിറ്റി ചെയർ മജ്ജീഷ് മഹാദേവൻ, വൈസ് ചെയർ രജ്ജിത് കുമാർ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർ സുജിത് പിള്ള, സ്പോർട്സ് കമ്മിറ്റി ചെയർ ജിനു ഫിലിപ്, യൂത്ത് ഫോറം ചെയർ ഷാഹിന മസൂദ്, അഡ്വൈസറി കമ്മിറ്റി ചെയർ ബബ്ലൂ ചാക്കൊ, വൈസ് ചെയർ ആദാർശ് രവീന്ദ്രൻ, ശ്രീ ഗണേഷ ടെമ്പിൾ ട്രസ്റ്റി സെക്രട്ടറിയും കാൻ മെമ്പറുമായ സുശീല സോമരാജൻ, കാൻ മുൻ പ്രസിഡണ്ടും ഗണേശ ടെമ്പിൾ കൾച്ചറൽ കമ്മിറ്റി ചെയറുമായ അശോകൻ വട്ടക്കാട്ടിൽ, കാൻ മുൻ പ്രസിഡണ്ടുമാരായ സാം ആന്റൊ, ബിജു ജോസഫ്, നവാസ് യൂനസ്, തോമസ് വർഗീസ്, രവി മേനോൻ, ഡോ: ജോർജ്ജ് മാത്യു, പ്രവീൺ ലൊഖൻഡെ (പ്രസിഡണ്ട്, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ), രവി ശങ്കർ (പ്രസിഡണ്ട്, ടെന്നിസ്സി തമിഴ് സംഘം), മഗേഷ് ഗിരി (സെക്രട്ടറി, ടെന്നിസ്സി തമിഴ് സംഘം), ശ്യാം പ്രകാശ് (പ്രസിഡണ്ട്, ടെന്നിസ്സി തെലുഗു സമിതി) എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന കലാവിരുന്നിൽ കാൻ മെമ്പർമാർ നടത്തിയ സംഗീതവും നൃത്തവും കാണികൾക്ക് ഹരമായി. ഹരീഷ് രാഘവേന്ദ്രയുടെ നേതൃത്വത്തിൽ നടന്ന ശ്രവണ മധുരമായ ഗാനമേളയിൽ അനിൽകുമാർ ഗോപാലകൃഷ്ണൻ, സന്ദീപ് ബാലൻ, കല്യാണി പത്യാരി, രാജു കാണിപ്പയ്യൂർ, രേവതി വരുൺ എന്നിവർ സംഗീത സാന്ദ്രമായ അന്തരീക്ഷം സമ്മാനിച്ച് സമ്പന്നമാക്കി. കാൻ വളണ്ടിയർമാർ ഒരുക്കിയ, വാഴയിലയിൽ വിളമ്പിയ, വിഭവസമൃദ്ധമായ സദ്യയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News