മധു വധക്കേസിൽ കൂറുമാറിയ താത്കാലിക വാച്ചറെ വനം വകുപ്പ് പിരിച്ചു വിട്ടു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വനംവകുപ്പ് താത്കാലിക വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സുനിൽകുമാർ സൈലന്റ് വാലി ഡിവിഷനിലെ താത്കാലിക വാച്ചറായിരുന്നു. അതേ സമയം കോടതി ഉത്തരവിനെ തുടർന്ന് സുനിൽകുമാറിന്റെ കാഴ്ച പരിശോധന നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന.

മധുവിനെ പ്രതികൾ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷിയായ സുനിൽകുമാർ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ഉത്തരവിട്ടത്.

മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം.

ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29-ാം സാക്ഷിയാണ് സുനില്‍കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താരവേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനാറായി.

കേസിലെ 27-ാം സാക്ഷിയായ സൈതലവി ഇന്നലെ കൂറുമാറി. മധുവിനെ അറിയില്ലെന്ന് സൈതലവി കോടതിയെ അറിയിച്ചു. ഇതുവരെ ആറ് പേർ മാത്രമാണ് വിശ്വസ്തരായി നിലകൊണ്ടത്. കേസിൽ 122 സാക്ഷികളാണുള്ളത്.

Print Friendly, PDF & Email

Leave a Comment

More News