കെ സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; കെഎസ്ടി എംപ്ലോയീസ് പ്രവർത്തകർ ചടങ്ങ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. സ്വിഫ്റ്റിനായി പുതുതായി വാങ്ങിയ 131 ബിഎസ്-4 ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർമാണ കമ്പനിയില്‍ നിന്ന് ബസുകൾ സ്വീകരിച്ചു.

സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്. 12 മീറ്റർ നീളമുള്ള പുതിയ ബസിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്യൂബ്‌ലെസ് ടയറുകൾ, എബിഎസ് സംവിധാനം, ഒബിഡി, ജിപിഎസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

ഇതു കൂടാതെ ക്യാമറകളും അനൗൺസ്‌മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. എയർ സസ്‌പെൻഷൻ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് യൂണിറ്റ് മുതലായ സൗകര്യങ്ങളും ബസിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.

കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമാകുമ്പോഴാണ് വീണ്ടും പുതിയ ബസുകൾ വാങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ 116 ബസ്സുകൾ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കിയിരുന്നു. അതിനുശേഷം 50 ഇലക്ട്രിക് ബസ്സുകളും കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിനായി നിരത്തിലിറക്കിയിരുന്നു. നിലവിൽ 166 ബസ്സുകൾ ആണ് കെഎസ്ആർടിസി സ്വിഫ്റ്റ്‌ന് ഉള്ളത്.

ഇതിനിടെ നീക്കത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് രംഗത്തെത്തി. കെഎസ്ആർടിസിയുടെ അന്തകനാണ് കെ സ്വിഫ്റ്റെന്നും കെഎസ്ആർടിസി ജീവനക്കാരുടെ ജോലി ഇല്ലാതാക്കുന്ന കെ സ്വിഫ്റ്റിന്റെ ഉദ്ഘാടനം കെഎസ്ടി എംപ്ലോയീസ് സംഘം ബഹിഷ്‌കരിക്കുന്നുവെന്നും പ്രഖ്യാപിച്ചു. എംപ്ലോയീസ് സംഘ് പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

Print Friendly, PDF & Email

Related posts

Leave a Comment