രാഷ്ട്രത്തെ വളർത്തിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു മുഗള്‍ ഭരണം; പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം നീക്കം ചെയ്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സി.ബി.എസ്.ഇ 12-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെ വിമർശിച്ച് എം.പി ജോൺ ബ്രിട്ടാസ്. ആരും പരാതിപ്പെടാൻ വരില്ലെന്ന് ഉറപ്പായതിനാലാണ് പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.

ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ വെണ്ണക്കൽ കൊട്ടാരം യമുനാ തീരത്തു എപ്പോഴോ പൊട്ടിമുളച്ചതാണ്. ഡൽഹിയിലെ ചെങ്കോട്ട ആരോ രാവിന്റെ മറവിൽ പണിതുകൂട്ടിയതാണ്. നമ്മുടെ കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും എന്തിനേറെ ഭക്ഷണത്തെയുമൊക്കെ പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം ഇന്ന് സ്‌കൂൾ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്.

ലോക സമ്പദ്ഘടനയിൽ, ജിഡിപിയുടെ, 24 ശതമാനം പങ്ക് മുഗൾ സാമ്രാജ്യത്തിനായിരുന്നു. എന്തിനേറെ. ചൈനയ്ക്കും പശ്ചിമ യൂറോപ്പിനും മേൽ. 16-18 നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യമായിരുന്നു മുഗൾ സാമ്രാജ്യമെന്ന് ബ്രിട്ടാസ് പറഞ്ഞു.

ചരിത്ര നിർമ്മിതിയുടെ ഭാഗമായി നമ്മുടെ കുട്ടികൾക്ക് ഇനി മുഗളന്മാരെ കുറിച്ച് പഠിക്കേണ്ടതില്ല. അവ ചരിത്രപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതിനാൽ ആ സാമ്രാജ്യത്തിന്റെ അവകാശികളാരും പരാതിപ്പെടാൻ മുന്നോട്ടുവരില്ല എന്നതും ഉറപ്പാണ്. എന്നാൽ പുതിയ ചരിത്ര നിർമിതികളിൽ ഇന്ത്യക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കണമെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News