കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ വീട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ടെത്തി ധനസഹായം നൽകി

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വാച്ചര്‍ ഹുസൈന്റെ കുടുംബത്തിന് ആശ്വാസ ധന സഹായത്തിന്റെ ആദ്യഗഡു മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. ഹുസൈന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനമായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മന്ത്രി കൈമാറി.

മിടുക്കനായ ഉദ്യോഗസ്ഥനെയാണ് വകുപ്പിന് നഷ്ടമായതെന്നും സ്നേഹവും പരിഗണനയും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിന് സഹായിച്ചത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.

കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ്‌ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു ടി എൻ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷവും, ഇൻഷുറൻസ് തുകയായി മൂന്ന് ലക്ഷം രൂപയും സർക്കാർ ആശ്വാസ ധനത്തിന് പുറമേ നൽകാൻ കഴിയും. ഏതെല്ലാം വിധത്തിൽ കുടുംബത്തെ സഹായിക്കാൻ പറ്റുമോ ആ നിലയ്‌ക്ക്‌ എല്ലാം സർക്കാർ ഇടപെടുമെന്നും ഹുസൈന്‍റെ ഭാര്യയ്‌ക്ക്‌ ജോലി നൽകുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹുസൈൻ നിർമിച്ച താൽക്കാലിക വീട് പൊളിച്ചുമാറ്റി പുതിയ വീട് നിർമിക്കുമെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാനും പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിൽ ലിൻറോ ജോസഫ് എംഎൽഎ, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News