ദമയന്തിയമ്മ ഇനി ദീപ്ത സ്മരണ

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അമൃതപുരി ആശ്രമ പരിസരത്ത് നടന്നു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ നിന്നുൾപ്പെടെ നിരവധിയാളുകളാണ് ദമയന്തിയമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ അമൃതപുരിയിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മാതാ അമൃതാനന്ദമയി ദേവിയെ അനുശോചനമറിയിച്ചു. കുടുംബത്തിന് മാത്രമല്ല, അവർ സ്വന്തം മക്കളെപ്പോലെ കരുതിയിരുന്ന മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിനാകെ ഇത് തീരാനഷ്ടമാണെന്നും അവർ ജീവിതത്തിൽ അടയാളപ്പെടുത്തിയ നിസ്വാർത്ഥ സേവനത്തിന്റെ മൂല്യങ്ങൾ എല്ലാക്കാലത്തും എല്ലാവരിലും നിലനിൽക്കുമെന്നും നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദമയന്തിയമ്മയുടെ മകൻ സുരേഷ് കുമാറിനെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എംഎൽഎ മാരായ രമേശ് ചെന്നിത്തല, സി.ആർ മഹേഷ്, ഉണ്ണികൃഷ്ണൻ, എംപി എ.എം ആരിഫ് , ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, മുൻ മന്ത്രി ഷിബു ബേബി ജോൺ, മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ, മുൻ ഡിജിപി ടി.പി സെൻകുമാർ, മുൻ ഡിജിപി ഋഷിരാജ് സിങ്, കോൺഗ്രസ് നേതാവ് അഡ്വ. എം. ലിജു തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News