കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) യുടെ ആഭിമുഖ്യത്തിൽ മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

ഓണാഘോഷച്ചടങ്ങുകളുടെ ഭാഗമായി KSNJ പ്രസിഡന്റ് ജിയോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ശ്രീമതി ദലീമ ജോജോ എംഎൽഎ ഓണസന്ദേശം നൽകി സംസാരിച്ചു. ജനസാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ഈ ഓണാഘോഷപരിപാടിയിൽ നിരവധി ഫോമാ പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു

വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയേന്തിയ തരുണീമണികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ വനിതകൾ അവതരിപ്പിച്ച തിരുവാതിരയും, കുട്ടികളുടെ നൃത്ത പരിപാടികളും ഹൃദ്യമായി. വയലിൻ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മ്യൂസിക് മോജോ പ്രോഗ്രാം ഓണാഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം സ്കൂൾ കുട്ടികൾക്ക് ഈ അവസരത്തിൽ അവാർഡുകളും, സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിൻസിപ്പൽ എബി തരിയൻ സ്കൂളിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചു സംസാരിച്ചു

കേരളീയത്തനിമയുടെ ഗൃഹാതുരത്വം വിളിച്ചോതിയ അത്തപൂക്കളത്തിന്റെയും , നിറപ്പകിട്ടാർന്ന ഓണാഘോഷ അലങ്കാരങ്ങളുടെയും നിറസാന്നിധ്യത്തിൽ കൊണ്ടാടിയ ഈ ഓണാഘോഷപരിപാടിയിൽ അജു തരിയൻ, മഞ്ജു പുളിക്കൽ എന്നിവർ എം സി കർത്തവ്യം നിർവഹിച്ചു . KSNJ സെക്രട്ടറി നിതീഷ് തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ സെബാസ്റ്റ്യൻ ചെറുമഠവും മറ്റ് KSNJ കമ്മിറ്റി അംഗങ്ങളും ഈ ഓണാഘോഷപരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News