ശാലേം കപ്പ്-2022: ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24 ന്

ന്യൂയോർക്ക് : ലോംഗ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെൻറ് “സീസൺ-8” സെപ്റ്റംബർ മാസം 24-നു ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ ആരംഭിക്കും. ട്രൈസ്റ്റേറ്റിനോടൊപ്പം (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്) പെൻസിൽവാനിയയിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും.

2014-ൽ പുരുഷ ഡബിൾസും മിക്‌സഡ് ഡബിൾസുമായിട്ടായിരുന്നു ടൂർണമെന്റിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, അണ്ടർ-16 ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ പുതിയ മത്സരങ്ങൾ ചേർത്തു. 2019-ൽ പുരുഷ ഡബിൾസ് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയും, പേരന്റ് – ചൈൽഡ് ഇവൻറ്, 45+ വെറ്ററൻ ഇവൻറ് എന്നിവയും ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചു കൊണ്ടു ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാൻ സാധിച്ചു. അത് ബാഡ്‌മിന്റൺ പ്രേമികൾക്കിടയിൽ അതിന്റെ ജനപ്രീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഈ വേനൽക്കാലം സംഘാടകർക്ക് മുന്നിൽ കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു, 2022-ലെ ശാലേം കപ്പ് അതിന്റെ ചരിത്രത്തിൽ ആദ്യമായി 100-ലധികം ഗെയിമുകൾ ഉൾപ്പെടുത്തി അപൂർവ്വമായ റെക്കോർഡ് നേട്ടം കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലീഗ് അടിസ്ഥാനത്തിൽ ശാലേം ഹെഡ്‌ജ്‌, ശാലേം ടൈറ്റൻസ്‌, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായി വിഭജിച്ചു പരസ്‌പരം മാറ്റുരക്കുന്നു.

പി എൻ സി സ്പോർട്സ്, ഈസ്ററ് കോസ്റ്റ് ക്യാപിറ്റൽ, ബ്രുക്ഹാവെൻ ഹാർട്സ്, എന്നിവരാകുന്നു മുഖ്യ സ്പോൺസർമാർ. അതുപോലെ ഒരു ബാഡ്മിന്റൺ ടൂർണമെൻറ് എന്ന നിലയിൽ കളിക്കാർക്കിടയിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കുകയും ഒരു പൊതു പ്ലാറ്റ്‌ഫോമിൽ പ്രകടനം നടത്തുകയും ചെയ്യുന്നതോടൊപ്പം ജീവകാരുണ്യപ്രവർത്തങ്ങളിലും ഈ ഉദ്യമത്തിലൂടെ പങ്കാളികളുമാകുന്നു. യുവജനങ്ങളോടൊപ്പം സീനിയേഴ്‌സും ശാലേം കപ്പിൻറെ സംഘാടനത്തിനു നേതൃത്വം നൽകുന്നുവെന്നതു ശ്ലാഘനീയമാണ്.

ടൂർണമെന്റിൻറെ വിജയത്തിനായി യുവജന സഖ്യം പ്രസിഡന്റ് റവ. വി.ടി. തോമസിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ബിനീഷ് തോമസ് (631-697-4325 ), ദിലീപ് മാത്യു (516-712-7488),

Print Friendly, PDF & Email

Leave a Comment

More News