ഓണം ഇമ്പമുള്ള ഓർമയാക്കി മാറ്റി വീണ്ടും വേൾഡ് മലയാളി കൗൺസിൽ

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രാെവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം “ഓണനിലാവ് ” പുത്തൻ അനുഭവമായി. ആർപ്പുവിളിച്ചും പാട്ടു പാടിയും സദ്യ കഴിച്ചുമൊക്കെ മലയാളി സമൂഹം ഒരിക്കൽ കൂടി ഒത്തുചേർന്നു.

സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന പരിപാടി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സെപ്തംബർ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 യ്ക്ക് ആരംഭിച്ച പരിപാടികളിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ഇന്ത്യയുടെ സിംഗിംഗ് പ്രീസ്റ്റ് (പാടും പാതിരി) എന്നറിയപ്പെടുന്ന ഫാദർ ഡോ. പോൾ പൂവത്തിങ്കൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലീക്ക് ആനയിച്ചത്.

ഹൂസ്റ്റണിലെ ആസ്ഥാന മാവേലി തമ്പുരാൻ എന്നറിയപ്പെടുന്ന റെനി കവലയിൽ നേതൃത്വം നൽകിയ ‘മാവേലി എഴുന്നള്ളത്ത്’ പങ്കെടുത്തവരിൽ ആവേശമുണർത്തി. ‘റിവർ സ്റ്റോൺ ബാൻഡിന്റെ’ ചെണ്ടമേളം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

പ്രൊവിൻസ് പ്രസിസന്റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ ഓണ സന്ദേശം നൽകി.

ചടങ്ങിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) പ്രസിഡന്റ് അനിൽ ആറന്മുള, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർ തോമസ് മൊട്ടക്കൽ, പ്രൊവിൻസ് വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകയുമായ പൊന്നുപിള്ള എന്നിവരെ പൊന്നാടയണിച്ച്‌ ആദരിച്ചു. അമേരിക്ക റീജിയൻ പ്രസിഡൻ്റ് ജേക്കബ് കുടശ്ശനാട്, സൈമൺ വളാച്ചേരി, അഡ്വ.സുരേന്ദ്രൻ പാട്ടേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിരവധി കലാപരിപാടികളും ഓണപ്പാട്ടുകളും ഓണനിലാവിനെ ഉജ്ജ്വലമാക്കി. പോൾ പൂവത്തിങ്കലച്ചൻ പാടിയ ഓണപ്പാട്ടുകൾ പരിപാടികൾക്ക് കൂടുതൽ മികവ് നൽകി. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ തോമസ് ചെറുകര, എബ്രഹാം തോമസ്, വാവച്ചൻ മത്തായി, മാധ്യമ പ്രവർത്തകരായ എ.സി.ജോർജ്, ബ്ലെസ്സൺ ഹൂസ്റ്റൺ, ജീമോൻ റാന്നി തുടങ്ങിയവരും ഓണനിലാവിൽ പങ്കെടുത്തു.

പ്രൊവിൻസ് ഭാരവാഹികളായ ജെയിംസ് വരിക്കാട്, ബാബു മാത്യു, സുകു ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

സെക്രട്ടറി തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി) സ്വാഗതവും ഫാൻസി മോൾ കൃതജ്ഞതയും പറഞ്ഞു. ലക്ഷ്മി പീറ്റർ, റെയ്ന റോക്ക്സ് എന്നിവർ അവതാരകരായി പരിപാടികൾ ഏകോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News