പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് ശനിയാഴ്ച (24.09.22) ജപമാല റാലിയോടെ തുടക്കം

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയാഘോഷ സമാപനത്തിന് ശനിയാഴ്ച (24.09.2022) നടക്കുന്ന ജപമാലറാലിയോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഇടവക വിശ്വാസിസമൂഹമൊന്നാകെ പങ്കെടുക്കുന്ന ജപമാലറാലി ആരംഭിക്കും.

പേപ്പല്‍ പതാകയേന്തിയ 50 ബൈക്കുകളില്‍ യുവജനങ്ങള്‍ റാലിയുടെ മുന്‍നിരയില്‍ അണിചേരും. തുടര്‍ന്ന് 50 കൊടികളുമായി കുട്ടികളും വെള്ളക്കുടകളേന്തി വനിതകളും പങ്കെടുക്കും. മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തിനു പിന്നാലെ ചെണ്ടമേളങ്ങളും തുടര്‍ന്ന് 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകസമൂഹം ജപമാല ചൊല്ലി നീങ്ങും. സെമിനാരിയംഗങ്ങള്‍, വിവിധ സന്യാസ സഭാംഗങ്ങള്‍ എന്നിവര്‍ക്കു പിന്നാലെ ബാന്‍ഡുമേളവും അതിനു പിന്നിലായി മാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും നീങ്ങും. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ കുരിശടിയില്‍ അവസാനിക്കുമ്പോള്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് വികാരി ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 5ന് ഇടവകയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും.

25-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. 4.15ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പള്ളിയുടെ മുഖ്യകവാടത്തില്‍ സ്വീകരിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിക്കും. മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എഫ്‌സിസി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. 6.30ന് ആരംഭിക്കുന്ന ഇടവകദിനാഘോഷ സ്‌നേഹവിരുന്നോടെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ സമാപിക്കും.

ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, വികാരി
ജോജി വാളിപ്ലാക്കല്‍, ജനറല്‍ കണ്‍വീനര്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News