പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കായും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഭാരതത്തിന്റെ അപ്പോസ്തലനായ സെന്റ് തോമസ് സ്ഥാപിച്ച പുരാതന സഭയുടെ കാതോലിക്കായായി ആരൂഢനായ ശേഷം തന്റെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനമാണിത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും നിരവധി വൈദികരും അല്‍മായരും ചേർന്ന സംഘം പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേൽ, റവ.ഫാ. ഷിബു വി മത്തായി (കൗൺസിൽ അംഗം), കെ. ജി. ഉമ്മൻ (മാനേജിംഗ് കമ്മിറ്റി അംഗം), ഷാജി വർഗീസ് (മാനേജിംഗ് കമ്മിറ്റി അംഗം), ബിജോ തോമസ് (കൗൺസിൽ അംഗം), ജോബി ജോൺ (കൗൺസിൽ അംഗം), റവ. ഫാ. എം. കെ. കുര്യാക്കോസ് (റിട്രീറ്റ് സെന്റർ ഡയറക്ടർ), റവ. ഫാ. അബു കോശി, റവ. ഫാ. ബാബു കെ. തോമസ്, റവ. ഫാ. അലക്സ് എബ്രഹാം, റവ. ഫാ. ഗ്രിഗറി വര്‍ഗീസ്, റവ. ഫാ. ടോജോ ബേബി, റവ. ഫാ. ടോബിൻ പി. മാത്യു, പോൾ കറുകപ്പിള്ളിൽ, തോമസ് കോശി, റോഷിൻ ജോർജ് തുടങ്ങിയവർ സ്വീകരണ സംഘത്തിൽ ഉണ്ടായിരുന്നു.

വിമാനത്താവളത്തിൽ നിന്ന് ഭദ്രാസന കേന്ദ്രത്തിൽ (Muttontown, NY) എത്തിയ പരിശുദ്ധ പിതാവ് സെന്റ് തോമസ് ചാപ്പലിൽ പ്രാർത്ഥന നടത്തി.

പരിശുദ്ധ പിതാവിന് അടുത്ത പത്ത് ദിവസത്തേക്ക് തിരക്കേറിയ കാര്യപരിപാടികളാണുള്ളത്. ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് വ്‌ളാഡിമിർ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിലെ സ്വീകരണം നാളെയാണ് (സെപ്തംബര്‍ 23). തുടർന്ന് പരിശുദ്ധ പിതാവിന് ഡോക്ടറേറ്റ് നൽകി സെമിനാരി ആദരിക്കുന്നതാണ്. ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുന്ന വൈദിക സമ്മേളനം, St. Tikhon ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി സന്ദർശനം എക്യുമെനിക്കൽ സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച, ആധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച, ഇടവക ജൂബിലി ആഘോഷങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, ഇടവക ജനങ്ങളുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവ സന്ദർശനത്തിന്റെഭാഗമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അപ്പോസ്തലനായാണ് പരിശുദ്ധ പിതാവ് അറിയപ്പെടുന്നത്. മതാതിർത്തികൾ പരിഗണിക്കാതെ സമൂഹത്തിലെ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ വർഷങ്ങളോളം നേതൃത്വം നൽകിയ പരിശുദ്ധ പിതാവ് പരക്കെ ആദരിക്കപ്പെടുന്നു. സഭയുടെ യഥാർത്ഥ ദൗത്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ട് ആവേശഭരിതരായ സഭാമക്കൾക്കു പരിശുദ്ധ പിതാവിന്റെ സന്ദർശനം ഉണർവും ഉന്മേഷവും പകരുമെന്ന് ഉറപ്പാണ്.

കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News