തിരുവനന്തപുരം – എറണാകുളം റൂട്ടിൽ കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് സര്‍‌വ്വീസ്

തിരുവനന്തപുരം: കെഎസ്‌ആര്‍‌ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി കണ്ടക്ടറില്ലാത്ത സർവീസുമായി കെഎസ്ആർടിസി. കണ്ടക്ടറില്ലാതെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് എൻഡ് ടു എൻഡ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമായിരിക്കും സർവീസിന് ഉണ്ടാവുക.

അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും നടത്തുന്ന സര്‍വീസിന് കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനുട്ട് സ്‌റ്റോപ്പ് ഉണ്ടാകും. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ബസ് 9.40ന് എറണാകുളത്ത് എത്തിച്ചേരും. വൈകീട്ട് 5.20ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന ബസ് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

ജനശതാബ്ദി മോഡലില്‍ ഓടുന്ന എന്‍ഡ് ടു എന്‍ഡ് സര്‍വീസിനായി പുഷ് ബാക്ക് സീറ്റുള്ള രണ്ട് എസി ലോ ഫ്‌ളോര്‍ ബസുകളാണ് അനുവദിച്ചിട്ടുള്ളത്. നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് വിജയകരമായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News