വൈവിധ്യങ്ങളുടെ സഹവർത്തിത്തം ഉറപ്പ്‌ വരുത്തി നവോത്ഥാനത്തിന്‌ നൈരന്തര്യമുണ്ടാവണം: ഷംസീര്‍ ഇബ്രാഹീം

കൾച്ചറൽ ഫോറം ടോക് സീരീസ് ഉദ്ഘാടനം നിർവ്വഹിച്ച് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്‍റ് ഷംസീർ ഇബ്രാഹിം സംസാരിക്കുന്നു

ദോഹ: വൈവിധ്യങ്ങളുടെ സഹവർത്തിത്തം ഉറപ്പ്‌ വരുത്തി നവോത്ഥാനത്തിന്‌ നൈരന്തര്യമുണ്ടാവണമെന്നും പ്രത്യേക സമയത്ത് തുടങ്ങി അവസാനിക്കുന്ന ഒന്നല്ല നവോത്ഥാനമെന്നും സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വരികയും പിന്നീടവര്‍ നവോത്ഥാന നായകരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയുമാണ്‌ ചെയ്യുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിനു കീഴില്‍ ആരംഭിക്കുന്ന ടോക് സീരിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേരളീയ നവോത്ഥാനം ചരിത്രവും തുടര്‍ച്ചയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ അപ്പർ ക്ലാസിൽ നടന്നതാണ്‌ നവോത്ഥാനമായി നമ്മൾ പഠിക്കുന്നത്‌. എന്നാല്‍ ന്യൂനപക്ഷത്താല്‍ നയിക്കപ്പെടുന്ന അവകാശ പോരാട്ടങ്ങളാണ്‌ കേരളത്തില്‍ നവോത്ഥാനം സൃഷ്ടിച്ചതെന്ന് കാണാന്‍ സാധിക്കും.

തിരുവിതാംകൂര്‍ കൊച്ചി ഭാഗങ്ങളില്‍ അവര്‍ണ്ണ കീഴാള സമൂഹത്താല്‍ നയിക്കപ്പെട്ടതായിരുന്നു കേരളത്തില്‍ നടന്ന ഭൂരിഭാഗം നവോത്ഥാനങ്ങളും എന്ന പ്രത്യേകതയുണ്ട്. മലബാറില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെ തന്നെ കുടിയാന്മാര്‍ക്ക് ഭൂമി ജന്മികളില്‍ നിന്ന് പിടിച്ച് നല്‍കിയതായും അതിനാല്‍ തന്നെ അവര്‍ മെച്ചപ്പെട്ട ജീവിതാവസ്ഥ കൈവരിച്ചതായും കാണാമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി നിര്‍വ്വഹിച്ച മഹത്തായ വിപ്ലവത്തെ കുറച്ച് കാട്ടലാണ്‌ വില്ലുവണ്ടി സമര നായകനായി മാത്രം ചിത്രീകരിക്കുന്നത്. രാജ പാതകളിലൂടെ *ജാതി മാടമ്പികളെ* വെല്ല് വിളിച്ച് യാത്ര ചെയ്തും അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കിയും സാമൂഹിക വിപ്ലവത്തിനാണദ്ദേഹം നേതൃത്വം നല്‍കിയത്. ആത്മീയതയുടെ ശ്രേണിയിൽ നിന്ന് കൊണ്ട്‌ ജാതിക്കെതിരെ ജനാധിപത്യ വിപ്ലവംനടത്തി ശ്രീ നാരായണ ഗുരുവും അതേ പാതയിലൂടെ സഹോദരന്‍ അയ്യപ്പനും കേരളീയ നവോത്ഥാനത്തിന്‌ വലിയ സംഭാവനകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം നടന്നിട്ടും ഇന്നും പല പ്രശ്നങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുവെന്നും ദലിതുകൾ ഇന്നും കോളനിയിൽ കഴിയുകയാണെന്നും ഭൂരഹിതരായ അനേകം പേരും അധികാര പങ്കാളിത്തത്തിലെ പിന്നോക്കക്കാരുടെ കുറവും വിവേചനവും മാറ്റമില്ലാതെ തുടരുന്നതും കേരളീയ നവോത്ഥാനത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി നില നില്‍ക്കുന്നു. കെ.എ.എസില്‍ വരെ സംവരണം അട്ടിമറിക്കാൻ ശ്രമമുണ്ടായതായും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ് അധ്യക്ഷത വഹിച്ചു.

കൾച്ചറൽ ഫോറം കലാവേദി അംഗം ലത്തീഫ് ഗുരുവായൂരിന്റെ ഏകാംഗ നാടകവും അരങ്ങേറി. സംസ്ഥാന സെക്രട്ടറി കെ. ടി. മുബാറക് സമാപന ഭാഷണം നടത്തി.

Leave a Comment

More News