നിരോധിച്ച റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി ഐ‌എന്‍‌എല്ലിന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസർക്കാർ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഇടതുമുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി അഹമ്മദ് ദേവർകോവില്‍ റിഹാബ് ഫൗണ്ടേഷന്റെ തലവനാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇപ്പോൾ നിരോധിച്ചിരിക്കുന്ന റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമുള്ള ഒരു പാർട്ടി മാത്രമല്ല, രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന, കലാപം പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് നൽകുന്ന പാര്‍ട്ടിയാണ് ഐ‌എന്‍എല്‍. അങ്ങനെയുള്ള ഒരു പാര്‍ട്ടി സംസ്ഥാന മന്ത്രിസഭയിൽ അംഗമായി തുടരുന്നു. നിരോധിത സംഘടനയുടെ തലവൻ എങ്ങനെയാണ് ഇടതുമുന്നണിയുടെ ഘടകകക്ഷിയായി ഇരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിലെ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി എങ്ങനെയാണ് ഒരു ഭീകരവാദ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും കുറിച്ച് സര്‍ക്കാരിന് ജാഗ്രതയുണ്ടെങ്കില്‍ ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News