പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി പിരിച്ചുവിട്ടു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പിരിച്ചുവിട്ടു. എല്ലാ സംഘടനാ പ്രവർത്തനങ്ങളും നിർത്താനും കേഡറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ച പശ്ചാത്തലത്തിലാണ് നടപടി.

സംഘടന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ അംഗങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രസ്താവനയുടെ പൂര്‍ണ രൂപം: “പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്. പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.”

അതേസമയം, ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ഒപ്പം ചില സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചതും നിർണായകമായി. നിരോധിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ടുകൾ ശേഖരിക്കുന്നത് പിഎഫ്‌ഐ അംഗങ്ങൾ വഴിയാണ്. ഒപ്പം മറ്റ് സംഘടനകളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്‌ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവിൽ പറയുന്നു.

യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്. പോപ്പുലർ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവിൽ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അബ്ദുള്‍ സത്താര്‍ പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.

ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. ഇവിടെ രാവിലെ എത്തിയ അബ്ദുള്‍ സത്താര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ സത്താറും പ്രതിയാണെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഒളിവിലാണെന്നും എന്‍ഐഎ സൂചിപ്പിച്ചിരുന്നു.

സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുമ്പ് പൊലീസിന്റെ പരിശോധനയുണ്ടായിരുന്നു. എന്നാൽ, ആ സമയങ്ങളിൽ അബ്ദുൽ സത്താർ സ്ഥലത്തില്ലായിരുന്നു.

തിരിച്ചെത്തിയ സത്താർ രാവിലെ മുതൽ കാരുണ്യ സെന്ററിലുണ്ടായിരുന്നു. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി സത്താറിനെ കസ്റ്റഡിയിലെടുത്തത്.

സത്താറിനെ കൊച്ചിയിൽ വെച്ച് വിശദമായി ചോദ്യം ചെയ്യും. ഹർത്താൽ ആഹ്വാനം ചെയ്ത കേസിലും പ്രതിയായിരുന്നു സത്താര്‍. സത്താര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News