ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?: മാത്യുക്കുട്ടി ഈശോ

“പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും കവിഞ്ഞ്‌ ആരുമില്ല എന്ന ധാരണ മനസ്സിൽ ഉടലെടുക്കുന്നു. രാഷ്ട്രീയത്തിലായാലും മതത്തിലായാലും സംഘടനകളിൽ ആയാലും പണമുള്ളവന് സ്വാധീനവും അംഗീകാരവും അധികമായി ലഭിക്കുന്നു. പണമില്ലെങ്കിൽ വെറും പിണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പണം സമ്പാദിക്കുവാനും ആഡംബര ജീവിതം നയിക്കുവാനുമായി ബന്ധങ്ങൾ പോലും നോക്കാതെ കൊലപാതകം നടത്താൻ വരെ മടിക്കാത്ത കാലം. സ്വത്തു തട്ടിയെടുക്കുന്നതിനായി മാതാപിതാക്കളെയും സഹോദരങ്ങളെയെയും വിഷം നൽകി കൊലപ്പെടുത്തിയ കൂടത്തായി ജോളിയെയും അടുത്ത കാലത്തു പണത്തിനായി സ്വന്തം അമ്മയെ എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ ഇന്ദുലേഖയെയും മലയാളികൾക്കു മറക്കാനാവുമോ?

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലായാലും സംസ്ഥാന രാഷ്ട്രീയത്തിലായാലും നേതാക്കളാകുന്നത് പണം സമ്പാദിക്കാൻ മാത്രമുള്ള ഒരു മാർഗ്ഗമാണ് എന്ന് സംശയം ഉദിപ്പിക്കുന്ന വാർത്തകളാണ് നമ്മുടെ കൺമുൻപിൽ കാണുന്നത്. രാഷ്ട്രീയ കക്ഷികൾ ഭരണം പിടിച്ചെടുക്കുന്നതിനും നിയമ സഭയിലോ ലോകസഭയിലോ ഭൂരിപക്ഷം നേടുന്നതിനും എതിർ പാർട്ടികളിലുള്ളതോ സ്വാതന്ത്രരോ ആയ സാമാജികരെ കോടികൾ നൽകിയാണ് തങ്ങളുടെ പക്ഷത്തേക്ക് ചാക്കിട്ടു പിടിക്കുന്നത്. ഈ അടുത്ത കാലത്തു ഗോവയിലും മഹാരാഷ്ട്രയിലും കർണാടകത്തിലും മറ്റും ഇത്തരം പ്രവണതകൾ നാം കണ്ടതാണ്. ഗോവയിൽ എട്ടു കോൺഗ്രസ്സ് എം.എൽ .എ. മാരാണ് കോടികൾ കൈപ്പറ്റി ബി.ജെ. പി യിലേക്ക് കാലുവാരി പോയത്. ഓരോ എം.എൽ.എ.യ്ക്കും 25 കോടിയോളം രൂപ വീതം ബി.ജെ.പി നൽകിയെന്നാണ് അഭ്യൂഹങ്ങൾ പരന്നിരിക്കുന്നത് (സത്യമോ മിഥ്യയോ!!). പാർട്ടിക്കാർ ഇങ്ങനെ പണം വാരിയെറിഞ്ഞു നേതാക്കളെ ചാക്കിടുന്നത് വെറുതെ ആയിരിക്കില്ലല്ലോ? അങ്ങനെ മുടക്കുന്ന പണം പാർട്ടിക്കാർ മറ്റേതെങ്കിലും വിധേന തിരിച്ചു നേടിയിരിക്കും. അത് മിക്കവാറും സാധാരണക്കാരുടെ പക്കൽ നിന്നും നികുതിപ്പണമായി പൊതുഘജനാവിൽ വരുന്ന തുകയിൽ നിന്നാകാം അല്ലെങ്കിൽ മറ്റു വൻകിട ബിസിനെസ്സ്കാർക്കോ കോർപ്പറേറ്റുകൾക്കോ നികുതിയിനത്തിലും മറ്റേതെങ്കിലും വഴിവിട്ടയിനത്തിലും അമിതലാഭം ഉണ്ടാക്കുവാനുള്ള അവസരങ്ങൾ ഒരുക്കി കൊടുത്തു കൊണ്ടായിരിക്കാം.

ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസ വോട്ട് നേടി ജയിക്കുന്ന നേതാക്കളാണ് തങ്ങൾക്കു വോട്ട് നൽകി വിജയിപ്പിച്ച പൊതു ജനങ്ങളെ വഞ്ചിച്ച് ഇത്തരം അനധികൃത പ്രക്രിയയിൽ ഏർപ്പെടുന്നത് എന്ന് മനസ്സിലാക്കുക. ഇവന്മാരെയൊക്കെ വീണ്ടും വീണ്ടും വിജയിപ്പിച്ച് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകൾ മാത്രം!!! എന്തായാലും അധികാരത്തിലിരിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറുന്നതിനാൽ ഇ.ഡി.യുടെയോ ആദായ നികുതി വകുപ്പിന്റെയോ മറ്റേതെങ്കിലും ഏജൻസികളുടെയോ റെയ്‌ഡിൽ നിന്നും രക്ഷപെടാമെന്നോ ഒഴിവാക്കപ്പെടാമെന്നോ ഉള്ള ധൈര്യം അത്തരം നേതാക്കന്മാർക്ക് ലഭിച്ചിട്ടുണ്ടായിരിക്കം. കൈക്കൂലിയോ അനധികൃത സ്വത്തോ സ്വായത്തമാക്കുന്നതും കൊടുക്കുന്നതും തെറ്റാണെന്ന ചിന്ത ഇവിടെ രണ്ടു കൂട്ടരും മനപൂർവ്വം മറക്കുന്നു. ഭരണത്തിലോ അധികാരത്തിലോ ഇല്ലാത്ത പാർട്ടികളാണ് ഇത് ചെയ്യുന്നതെങ്കിൽ തീർച്ചയായും അവിടെ രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ ഭരണത്തിലിരിക്കുന്നവർ തങ്ങളുടെ ചെൽപ്പൊടിക്കു നിൽക്കുന്ന ഏജൻസികളെക്കൊണ്ട് ഒരു റെയ്ഡ് നടത്തി എതിരാളികളെ ഒതുക്കുകയും ചെയ്യും. അവിടെയാണ് പണാധിപത്യം ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നത്.

രാഷ്ട്രീയത്തിൽ നിലവിലുള്ള സമ്പ്രദായങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞതെങ്കിലും മുഖ്യമായും ഈ ലേഖനത്തിൽ ചിന്തിക്കുവാൻ ഉദ്ദേശിക്കുന്നത് നമ്മുടെ പല സംഘടനകളിലും ഇത്തരം പണാധിപത്യം കടന്നു കൂടിയിരിക്കുന്നു എന്ന സങ്കടകരമായ അവസ്ഥയെക്കുറിച്ചാണ്. അതിനു ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമായി ഈ അടുത്ത കാലത്തു രണ്ടു പ്രമുഖ സംഘടനകളിൽ സംഭവിച്ചത് പണാധിപത്യത്താൽ നടന്ന ജനാധിപത്യത്തിന്റെ ഹത്യയാണ്. പൊതുവിലിത് സംസാര വിഷയമായതിനാൽ സംഘടനകളുടെ പേരെടുത്തു പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്നു. ജൂലൈ മാസത്തിൽ ഒർലാണ്ടോയിൽ വച്ച് നടന്ന ഫൊക്കാനാ തെരഞ്ഞെടുപ്പും സെപ്തംബർ ആദ്യം മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ഫോമാ തെരഞ്ഞെടുപ്പും. രണ്ടു സംഘടനകളിലും സ്ഥാനാർഥികൾ വീറോടെ മത്സരിച്ചാണ് പണാധിപത്യം മൂലം ജനാധിപത്യത്തെ കശാപ്പു ചെയ്തത്. രാഷ്ട്രീയത്തിലാണെങ്കിൽ ഗുണഭോക്താക്കളായ നേതാക്കൾ പല പദ്ധതികളിലൂടെയും അഴിമതികളിലൂടെയും തങ്ങളുടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചെന്നിരിക്കാം. എന്നാൽ സംഘടനകളിൽ പണം വാരി എറിയുന്നവർ എങ്ങനെ അത് തിരിച്ചു പിടിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

പണം മാത്രം സമ്പാദിച്ച് പ്രാദേശീകമായി ഒതുങ്ങി കഴിഞ്ഞിരുന്ന മുതലാളിമാർക്ക് അൽപ്പം പേരും പ്രശസ്തിയും വേണമെന്ന് തോന്നിയപ്പോൾ മറ്റു പല ഭാവി ദുരുദ്ദേശങ്ങളും മനസ്സിൽ കണ്ടുകൊണ്ട് മുന്തിയ സംഘടനകളുടെ തലപ്പത്തെത്തി ഭാരവാഹികളാകണം എന്ന ചിന്ത തോന്നിയാൽ കുറ്റം പറയാനാവില്ലല്ലോ. അങ്ങനെയുള്ളവരുടെ മനസ്സിലിരിപ്പ് ഒരു മുഴം മുന്നമേ കണ്ടുകൊണ്ടു അവരുടെ തണലിൽ തഴച്ചു വളരാം എന്ന് കരുതി അവരെ ആനയിച്ചു തലപ്പത്തു പ്രതിഷ്ഠിക്കാം എന്ന് കണക്കു കൂട്ടുന്ന സംഘടനാ നേതൃത്വത്തെയും കുറ്റം പറയാനാവില്ലല്ലോ. സംഘടന അങ്ങനെയുള്ളവർക്ക് വഴിയൊരുക്കി കൊടുക്കുകയല്ലേ വേണ്ടത്? സംഘടനയിൽ വർഷങ്ങളായി മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചവർ ഒരു താക്കോൽസ്‌ഥാനത്തു കയറിപ്പറ്റാം എന്ന് കരുതി മുൻകൂട്ടി കുപ്പായവും തയ്യാറാക്കി കാത്തിരിക്കുമ്പോൾ തലേന്ന് കയറിവന്ന വമ്പൻ മുതലാളിയുടെ പണക്കൊഴുപ്പ് കണ്ട് കണ്ണ് മഞ്ഞളിക്കുന്ന നേതൃത്വത്തിന് പ്രവർത്തി പാരമ്പര്യത്തെപ്പറ്റി എന്തിനു ചിന്തിക്കണം? മുതലാളിയുടെ പണം കൊണ്ട് സുഖമായി സുഗമമായി മുമ്പോട്ടുപോകുവാൻ അവസരം ലഭിക്കുമ്പോൾ ആ തണലിൽ അവസരം മുതലാക്കി തഴച്ചു വളരണമോ അതോ സംഘടനാ പാരമ്പര്യവും പറഞ്ഞു നടക്കുന്ന ഊച്ചാളികളെ താക്കോൽ സ്ഥാനം ഏൽപ്പിക്കണമോ? തല്പര കക്ഷികളായ നേതൃത്വത്തിന് രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യമില്ലല്ലോ. അപ്പോൾ എന്ത് പാരമ്പര്യം? എന്ത് ഭരണഘടനാ ചട്ടങ്ങൾ? പണമുണ്ടോ, എല്ലാ ചട്ടങ്ങൾക്കും ഇളവ്!! മുതലാളി നീണാൾ വാഴട്ടെ!! അവിടെയാണ് പണാധിപത്യത്താൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നത്.

ഒരു സംഘടനയെന്നാൽ സംഘടിക്കുന്ന ആളുകളുടെ അഥവാ സംഘടനയിലെ അംഗങ്ങളുടെ സഹകരണത്താൽ പ്രവർത്തിക്കുക എന്നതാണ് നാട്ടുനടപ്പ്. അപ്പോഴാണ് ജനാധിപത്യം പ്രാവർത്തികമാക്കുന്നത്. എന്നാൽ മറ്റു അംഗങ്ങൾ എല്ലാം നോക്കി നിൽക്കെ ഒരു മുതലാളി ആ സംഘടനയെ മൊത്തവിലയ്ക്ക് പണമെറിഞ്ഞു വാങ്ങിയാലോ? പിന്നെയെവിടെ ജനാധിപത്യം? പിന്നീട് പണാധിപത്യത്താലുള്ള ഏകാധിപത്യമാണ് അഴിഞ്ഞാടുവാൻ പോകുന്നത്. അവിടെ പണം എറിയുന്ന ഇന്നലെ വന്ന മുതലാളിയുടെ വാക്കുകൾക്കോ ഊച്ചാളികളായി നോക്കിനിൽക്കുന്ന പ്രവർത്തനപാരമ്പര്യമുള്ള വർഷങ്ങളായി അംഗത്വമുള്ള സാധാരണക്കാനായ അംഗത്തിന്റെ വാക്കുകൾക്കോ വില? “ഞാനാടാ പണം മുടക്കിയത്, നീയാരാടാ ഊളേ ചോദിയ്ക്കാൻ” എന്ന് ഇന്നലെ വന്ന മുതലാളി ചോദിച്ചാൽ പാരമ്പര്യമുള്ളവൻ വാലും മടക്കി ഒതുങ്ങി ഇരിക്കുകയേ നിവൃത്തിയുള്ളു. പാവം അംഗത്തിന്റെ അവസ്ഥയേ !!!

ഒന്നിച്ചു നിന്നവരും ആല്മാർഥമായി കൂടെ നടന്നവരും തമാശയും വർത്തമാനവുമായി കൈപിടിച്ച് നടന്നവരുമായ ഒട്ടുമുക്കാൽ പേരും മുതലാളിയുടെ മദ്യസൽക്കാരത്തിലും സൗജന്യമായി നീട്ടുന്ന വിമാന ടിക്കറ്റിലും സൗജന്യ താമസ സൗകര്യങ്ങൾക്കുള്ള ഓഫറുകളിലും മയങ്ങി കാലുവാരി മറുകണ്ടം ചാടുമ്പോൾ കുപ്പായവും റെഡിയാക്കി നോക്കി നിൽക്കുന്ന അർഹതപ്പെട്ട സ്ഥാനാർഥി കരഞ്ഞുപോയാൽ അതിശയപ്പെടാനില്ല. ഇലക്ഷൻ കാലത്തു സ്വജന്യ കിറ്റു വാങ്ങി വോട്ടു ചെയ്തു വിജയിപ്പിച്ചവന്റെ നെഞ്ചത്തേക്ക് അധികാരത്തിലെത്തിയ നേതാവ് മഞ്ഞ കുറ്റിയടിച്ചപ്പോൾ മാത്രം ഒളിഞ്ഞിരുന്ന ചതിയുടെ കാഠിന്യം മനസ്സിലാക്കാൻ വിധിക്കപ്പെട്ട മലയാളിയുടെ അവസ്ഥ ഈ സംഘടനകളിലും വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം പ്രാർഥിക്കാം. കോർപ്പറേറ്റ് വ്യവസ്ഥയിൽ വർഷങ്ങളായി ഏകാധിപതിയായി നീണാൾ വാണരുളുന്ന മുതലാളി ഇന്നെലെ വന്നു കയറിയ സംഘടനയിലെ ജനാധിപത്യ വ്യവസ്ഥതിയിലേക്ക് മാറുമോ എന്ന് നോക്കിയിരുന്നു കാണാം.

“കാണം വിറ്റും ഓണം ഉണ്ണണം” എന്ന തത്വം “കാണം വിറ്റും ഇലക്ഷൻ ജയിക്കണം” എന്ന് തിരുത്തി എഴുതി മത്സരത്തെ നേരിട്ടവരുടെ ചിത്രമാണ് മറ്റൊരു ഭാഗത്തു കാണുന്നത്. എവിടുന്നൊക്കെയോ കാണം വിറ്റു കിട്ടിയ പണം കൊണ്ട് വോട്ടുകൾ വിലയ്ക്ക് വാങ്ങി വിജയിച്ച ചരിത്രമാണ് മറ്റൊന്ന്. മുതലാളി അല്ലെങ്കിലും താൻ ഒരു മുതലാളിയാണ് എന്ന് മറ്റുള്ളവരുടെ മുൻപിൽ എഴുന്നള്ളിക്കുന്നവരാണ് അക്കൂട്ടർ. ഉത്സവപ്പറമ്പിലെ ആനയൊന്നു വായ് പൊളിച്ചപ്പോൾ എനിക്കും അതുപോലെ ചെയ്യാം എന്ന് കരുതി വായ് പൊളിച്ച അണ്ണാന്റെ അവസ്ഥ. ഇവിടെ നേതാവ് മണ്ടനും പ്രജകൾ മിടുക്കരുമായി. നേതാവിന് ഞങ്ങളുടെ വോട്ട് നേടി വിജയിക്കണമെങ്കിൽ ഞങ്ങളെ “കാണേണ്ട രീതിയിൽ കാണണം” എന്ന് ആവശ്യപ്പെട്ടു പിടിച്ചു വാങ്ങിയ പ്രജകൾ മിടുക്കർ. അംഗ സംഘടനകളുടെ പ്രതിനിധിയിൽ നിന്നും വോട്ടുകൾ വേണമെങ്കിൽ സംഘടനക്ക് അകമഴിഞ്ഞ് സംഭാവന നൽകണമെന്ന് നിർബന്ധം പിടിച്ചപ്പോൾ രണ്ടു വോട്ടുകൾക്കായി രണ്ടായിരം വരെ മുടക്കാൻ തയ്യാറായി നേതാവ്. അതിനാൽ പല സംഘടനകളിലും രണ്ടു വർഷത്തിന് ശേഷം നടത്തിയ ഓണാഘോഷം ഈ വർഷം പൊടിപൊടിക്കുവാൻ സാധിച്ചു. കാരണം ഇലക്ഷൻ സ്ഥാനാർഥിയായ നേതാവ് അകമഴിഞ്ഞ് സംഘടനകളെ സഹായിച്ച് വോട്ടുകൾ വിലയ്ക്ക് വാങ്ങിയല്ലോ. രണ്ടായിരം മുതൽ അയ്യായിരം ഡോളർ വരെ പല സംഘടനകളും നേതാവിൽ നിന്നും ചോദിച്ചു വാങ്ങിയെന്നും, വോട്ടെടുപ്പിന്റെ തലേന്നു വരെയും ഫ്ലൈറ്റ് ടിക്കറ്റ് ചാർജായും ഓരോ വോട്ടിനും വില പറഞ്ഞും ചില മിടുക്കന്മാർ നേതാവിൽ നിന്നും പണം കൈപ്പറ്റയിട്ടുണ്ടെന്നാണ് അങ്ങാടിയിലെ പാട്ട്. വിജയിക്കണമെന്ന അതിയായ ആഗ്രഹത്താൽ ചോദിച്ച പണം നൽകി നേതാവ് വോട്ടുകൾ വിലക്ക് വാങ്ങിയെന്നാണ് പിന്നാമ്പുറ കഥകൾ. ഇവിടെയും ജനാധിപത്യം പണാധിപത്യത്തിനു മുമ്പിൽ അടിയറവു പറഞ്ഞു.

ഇനിയാണ് സംഗതികളുടെ ഗതി നോക്കേണ്ടത്. ഇലക്ഷൻ വിജയത്തിനായി ഒന്നര ലക്ഷം ഡോളറോളം നേതാവ് മുടക്കി എന്നാണ് പിന്നാമ്പുറ കഥകളും അഭ്യൂഹങ്ങളും കേട്ടറിവുകളും. തെരഞ്ഞെടുപ്പിന് ഇത്രയും മുടക്കിയ നേതാവ് മറ്റൊരു രണ്ടരലക്ഷം കൂടി സംഘടനക്ക് വേണ്ടി മുടക്കും എന്നാണ് വാഗ്ദാനം ചെയ്തത്. ഇങ്ങനെയുള്ള നേതാക്കൾ ഉണ്ടെങ്കിൽ പിന്നെ സംഘടനകളും സംഘടനാംഗങ്ങളും എന്തിനു പേടിക്കണം. അടുത്ത ദ്വൈവാർഷിക കൺവെൻഷനും നേതാവ് തന്നെ സ്പോൺസർ ചെയ്‌താൽ എല്ലാ അംഗങ്ങൾക്കും കുശാലായി. തനിയെ നാലു ലക്ഷത്തിലധികം മുടക്കുന്ന ഈ വിശാലഹൃദയന് ഇതിൽ നിന്നും എന്ത് നേട്ടം എന്നാണു അണിയറയിലെ ചോദ്യം. മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിനായി ഇനി സംഘടനയിൽ വല്ല അഴിമതിയും അരങ്ങേറുമോ എന്നാണ് പൊതുജനങ്ങളുടെ ഇടയിൽ നിന്നും ഉയരുന്ന സംശയം. അല്ലെങ്കിൽ വെറുമൊരു പ്രാഞ്ചിയേട്ടനാകാൻ ഇത്രയുമൊക്കെ മുടക്കണോ എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. മുമ്പൊക്കെ സംഘടനയിലെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ ഇനിയങ്ങോട്ട് ഏതെങ്കിലും മുതലാളിമാർക്കെ സംഘടനയെ നയിക്കാൻ സാധിക്കൂ എന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ആയതിനാൽ ഇനി മുതൽ ഫൊക്കാനാ, ഫോമാ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റ് ആകണമെങ്കിൽ നിങ്ങളൊരു മുതലാളിയാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും രേഖകളുമായി വരണം. ജനാധിപത്യം തുലയട്ടെ!! പണാധിപത്യം നീണാൾ വാഴട്ടെ!!

Print Friendly, PDF & Email

One Thought to “ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?: മാത്യുക്കുട്ടി ഈശോ”

  1. ബാബു വര്‍ഗീസ്

    പൂര്‍ണ്ണമായും യോജിക്കുന്നു. സംഘടനകളുടെ തുടക്കം മുതല്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും സംഘടനയെ വളര്‍ത്തി വലുതാക്കി ജനകീയമാക്കാനും അശ്രാന്തപരിശ്രമം നടത്തിയവരെ നോക്കുകുത്തികളാക്കി, പണവും പത്രാസുമുള്ളവര്‍ പിന്നാമ്പുറ വാതിലിലൂടെ നുഴഞ്ഞു കയറി പണം വാരിയെറിഞ്ഞ് തലപ്പത്ത് കയറിപ്പറ്റുന്നത് അത്ര വലിയ മേന്മയൊന്നുമല്ല… സംഘടനാ ബോധമുള്ളവരായിരിക്കണം സംഘടനയെ നയിക്കേണ്ടത്… അല്ലാതെ പണക്കൊഴുപ്പു കാട്ടിയല്ല. സധൈര്യം വെട്ടിത്തുറന്നെഴുതിയ ലേഖകന് അഭിനന്ദനങ്ങള്‍.

Leave a Comment

More News