ദൃശ്യം മോഡല്‍ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; സംശയരോഗം കൊലപാതകത്തിലേക്ക് നയിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കോട്ടയം: ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട ബിന്ദു മോന് മുഖ്യപ്രതി മുത്തുകുമാറിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് കോടതിയിൽ സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി മുഖ്യപ്രതി മുത്തുകുമാർ ഗൂഢാലോചന നടത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ 26ന് ബിന്ദു മോനെ വിളിപ്പിച്ചത്. ഒരുമിച്ച് മദ്യപിച്ച ശേഷമാണ് ബിന്ദു മോനെ കൊലപ്പെടുത്തിയതെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ശേഷം ബിന്ദു മോന്റെ ബൈക്ക് തോട്ടിൽ ഉപേക്ഷിച്ചതിൽ ബിനോയ്, ബിബിൻ എന്നിവർക്ക് പങ്കുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സെപ്‌റ്റംബര്‍ 26 മുതലാണ് ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദുമോനെ കാണാതായത്. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദു മോന്‍റെ സുഹൃത്തായ മുത്തു കുമാറിന്‍റെ ചങ്ങനാശ്ശേരിയിലെ എസി കോളനിയിലെ വാടക വീട്ടിലെ കോണ്‍ഗ്രീറ്റ് തറക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാരിയെല്ല് തകരും വിധത്തിലുള്ള ക്രൂരമര്‍ദനം ബിന്ദു മോന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കേസിലെ മുഖ്യപ്രതിയായ മുത്തുകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു നേരത്തെ മുത്തുകുമാര്‍ പൊലീസിന് നല്‍കിയ മൊഴി.

Print Friendly, PDF & Email

Leave a Comment

More News