വടക്കഞ്ചേരിയിലെ ബസ്സപകടം: കുട്ടികൾക്ക് കൗൺസിലിംഗ് നല്‍കും; നഷ്ടപരിഹാരം നല്‍കുന്നതും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർമാരെ ഏകോപിപ്പിച്ച് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പാലക്കാടും തൃശൂരും കേന്ദ്രീകരിച്ച് മന്ത്രിമാരായ എം ബി രാജേഷും കെ രാധാകൃഷ്ണനും ഏകോപനം നടത്തും. അപകടത്തിൽപ്പെട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.

പരിക്കേറ്റവരിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. നഷ്‌ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭ യോഗം ചേർന്ന് തീരുമാനമെടുക്കും. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചിരുന്നു.

വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

42 വിദ്യാർത്ഥികളും (26 ആൺകുട്ടികളും 16 പെൺകുട്ടികളും) അഞ്ച് അദ്ധ്യാപകരും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെടെ 48 പേരാണ് വിനോദ യാത്രാ ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരും ഒരാൾ അദ്ധ്യാപകനുമാണ്.

സ്കൂളിനെതിരെ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു ഐഎഎസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര യാത്ര പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂൾ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ടു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വ്യാഴാഴ്‌ച (ഒക്‌ടോബർ 06) പുലർച്ചെ 12 മണിയോടെയാണ് വടക്കാഞ്ചേരി ദേശീയപാതയിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്.

അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിഇടിച്ച് ഒന്‍പത് പേർ മരിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിനെ ചുമതലപ്പെടുത്തിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ നേരത്തെ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫിസിനെ അറിയിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് നിലവിലെ ദുരന്തത്തിന് കാരണം.

ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണം. സ്‌കൂളുകളിൽ വിനോദസഞ്ചാരം നടത്തുന്നതിന് മുൻ‌കൂർ അനുമതി വാങ്ങണം. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനിക്കും. അപകടം നടക്കുമ്പോൾ ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന്(06.10.2022) പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

Print Friendly, PDF & Email

Leave a Comment

More News