സ്വർഗ്ഗം വരികയാണ് ! (യുദ്ധ വിരുദ്ധ കവിത)

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ –
യരുമയാം ചുണ്ടിലച്ചോദ്യം :
എവിടെ മനീഷികൾ കാണുവാനിച്ഛിച്ച
മനുഷ്യന്റെ മഹനീയ ലോകം?

മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ്
വഴിനീളെ തൂക്കി വിൽക്കുമ്പോൾ,
ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ്
ഉറയുന്നു , പിടയുന്നു ലോകം !

എവിടെ മത- രാഷ്ട്ര തിരിവുകൾക്കപ്പുറ –
ത്തതിരുകളില്ലാത്ത ലോകം ?
എവിടെ കരൾ പിളർന്നപരനെ കരുതുന്ന
ചുടു ചോര ‘ മീവലിൻ ‘ ലോകം ?

അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന –
യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ,
മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ
ചുടുചോരയിൽ ഇനി വേണ്ടാ.

ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ്
‘ഒരു ലോകം മുഴുവനും ? ‘ വേണ്ടാ,
ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള –
പ്പെരുമയി ലുണരട്ടെ വീണ്ടും !

വരികയായ്, വരികയായ് ഒരു നല്ല നാളെ തൻ
രഥ ചക്ര ‘രവ‘ കരകങ്ങൾ !
മനുഷ്യനും, മനുഷ്യനും കൈകോർത്തു നിൽക്കുന്ന
മഹനീയ മലർവാടകങ്ങൾ

അപരന്റെ വേദനക്കൊരു നുള്ളു സാന്ത്വന –
മുഴിയുന്ന മനസ്സുമായ് നിൽക്കെ,
മനുഷ്യനും, ദൈവവും ഒരുമിച്ചീ യുഗസന്ധി
പണിയുന്നീ പാഴ്മണ്ണിൽ സ്വർഗ്ഗം.!

Print Friendly, PDF & Email

Leave a Comment

More News