ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ അപലപനീയം : ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നടപടി ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു.

കോഴിക്കോട്: തെലങ്കാനയിൽ കഴിഞ്ഞ ദിവസം കത്തോലിക്കാ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുകയാണ്. അന്താരാഷ്ട്ര സമൂഹത്തിനുമുമ്പിൽ ഇന്ത്യയുടെ മുഖം കെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ എന്നേക്കുമായി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയാണ് അതിനുള്ള വഴി.

മണിപ്പൂരിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷം ഭീതിയിലും അരക്ഷിതത്വത്തിലുമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള വർഗീയ ആക്രമണങ്ങളും പതിവായിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയതാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്. തെലങ്കാന സംഭവത്തിൽ മദർ തെരേസ സ്‌കൂൾ അധികൃതർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കയാണ് പോലീസ്. അക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിന് പകരം സ്‌കൂൾ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് തെലങ്കാന പോലീസിന്റേത്. സ്‌കൂളിനെതിരായ കേസ് പിൻവലിക്കാനും അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചിട്ടുണ്ടെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News