പാക്കിസ്ഥാനില്‍ മഞ്ഞില്‍ പുതഞ്ഞ വാഹനങ്ങളില്‍ കുടുങ്ങി 23 വിനോദസഞ്ചാരികൾ മരവിച്ചു മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ നോർത്ത് മുറെ മേഖലയിൽ 10 കുട്ടികളടക്കം 23 പേർ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങി മരിച്ചു.

മരിച്ചവരിൽ ഇസ്ലാമാബാദ് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളും റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിൽ നിന്നുള്ള ദമ്പതികളും അവരുടെ നാല് കുട്ടികളും മർദാനിൽ നിന്നുള്ള നാല് സുഹൃത്തുക്കളും ഉൾപ്പെടുന്നു. ഇവരുടെ സംസ്കാരം ഞായറാഴ്ച ജന്മനാട്ടിൽ നടന്നു.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാർ സാഹചര്യത്തിന് തയ്യാറാകാത്തതിനും വളരെ വൈകി പ്രവർത്തിച്ചതിനും കനത്ത വിമർശനം നേരിട്ടു. ബിലാവൽ സർദാരിയും മറിയം നവാസും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ സർക്കാരിന്റെ അനാസ്ഥക്കെതിരെ അപലപിച്ചു.

രാജ്യം മുഴുവൻ ഇപ്പോഴും ദുരന്തത്തെ നേരിടുമ്പോൾ, ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ചൗധരിയുടെ “സ്നോ സ്പ്രേ” കമന്റ് ആളുകളെ ഞെട്ടിച്ചു.

ഇസ്ലാമാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മുറെ പട്ടണത്തിലെ മുരി ഹിൽസ് റിസോർട്ടിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും 4 അടിയിൽ കൂടുതൽ (1 മീറ്റർ) മഞ്ഞ് പെയ്തു. നൂറുകണക്കിന് വാഹനങ്ങൾ മഞ്ഞിനടിയില്‍ പെടുകയോ മഞ്ഞിൽ കുടുങ്ങിപ്പോവുകയോ ചെയ്തു.

താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസിലേക്ക് (17.6 ഫാരൻഹീറ്റ്) താഴ്ന്നതിനാല്‍, ഇരകളിൽ ഭൂരിഭാഗവും ഹൈപ്പോതെർമിയ ബാധിച്ചാണ് മരിച്ചത്. ഒരു റെസ്‌ക്യൂ ഫിസിഷ്യന്റെ അഭിപ്രായത്തിൽ, വാഹനങ്ങളുടെ മഫ്‌ളറുകൾ മഞ്ഞുമൂടിയപ്പോൾ അകത്ത് ഹീറ്ററുകൾ പ്രവർത്തിപ്പിച്ചതിന്റെ ഫലമായി കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റാണ് അവരിൽ ചിലർ മരിച്ചത്.

വാഹനങ്ങൾ നിരവധി അടിയോളം മഞ്ഞിൽ കുടുങ്ങിക്കിടക്കുന്നതിനാൽ 23 പേരെങ്കിലും മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ശനിയാഴ്ച രാത്രി ഒരു പ്രസ്താവനയിൽ മരണസംഖ്യ സ്ഥിരീകരിച്ചു.
മന്ത്രിയുടെ അഭിപ്രായത്തിൽ, ഈ പ്രദേശത്ത് “തീവ്രമായ മഞ്ഞുവീഴ്ച” അനുഭവപ്പെട്ടതിനാൽ സ്ഥിതിയെ “പ്രകൃതി ദുരന്തം” എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

സ്ഥിതിഗതികൾ നേരിട്ട് അറിയാൻ ആകാശ നിരീക്ഷണം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ, അവസാനത്തെ ആളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു. “മുറെയിൽ നടന്ന ദാരുണമായ സംഭവത്തിൽ ഓരോ പാകിസ്ഥാനിയും ദുഃഖിതരാണ്. പഞ്ചാബ് സർക്കാരിന്റെ എല്ലാ അനുഭാവവും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്,” ബുസ്ദാർ പറഞ്ഞു.

ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടുകയും ഇരകൾക്ക് നഷ്ടപരിഹാരമായി 800,000 രൂപ പ്രഖ്യാപിക്കുകയും ചെയ്തു.

ശനിയാഴ്ചയോടെ ഏകദേശം 142,000 കാറുകൾ മുറിയിൽ പ്രവേശിച്ചു. എന്നാൽ, എല്ലാ യാത്രക്കാർക്കും പ്രധാന നഗരത്തിലേക്കോ അവരുടെ ഹോട്ടലുകളിലേക്കോ എത്താൻ കഴിഞ്ഞില്ല. ഇസ്‌ലാമാബാദിൽ നിന്ന് മുറേയിലേക്കുള്ള രണ്ട് റോഡുകൾ അഭൂതപൂർവമായ മഞ്ഞുവീഴ്ചയാൽ തടസ്സപ്പെട്ടതായി അധികൃതർ പറഞ്ഞു.

മുറേയിലേക്കുള്ള എല്ലാ പ്രധാന റോഡുകളും മറ്റു മാര്‍ഗങ്ങളും ഗതാഗതത്തിനായി തുറന്നിരിക്കുന്നു. ഇന്നലെ രാത്രി 600 മുതൽ 700 വരെ കാറുകൾ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു,” പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്‌പെഷ്യൽ അസിസ്റ്റന്റ് ഷഹബാസ് ഗിൽ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

“ഇസ്‌ലാമാബാദിൽ നിന്നും റാവൽപിണ്ടിയിൽ നിന്നും മുറേയിലേക്ക് പോകുന്ന റോഡുകളിൽ പോലീസ് ഉദ്യോഗസ്ഥരുണ്ട്. റോഡുകൾ ഇന്നും അടച്ചിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ സ്‌നോ സ്‌പ്രേ വാങ്ങി വീട്ടിൽ വച്ച് പരസ്‌പരം സ്പ്രേ ചെയ്യണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ക്രൂരമായ ട്രോളുകളാണ് ഇപ്പോൾ നടക്കുന്നത്.

അഭൂതപൂർവമായ മഞ്ഞുവീഴ്ചയും വിനോദസഞ്ചാരികളുടെ റെക്കോർഡ് എണ്ണവും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത് പ്രാദേശിക ഭരണകൂടത്തിന് അസാധ്യമാക്കിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വ്യക്തമായും, ഇത്രയും വലിയ ജനപ്രവാഹം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയില്ല, അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News