കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താന്‍ പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. മത്സരത്തിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂർ വ്യക്തമാക്കി.

“ഞാൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി ഡൽഹിയിൽ നിന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് ഞാൻ പിന്മാറില്ലെന്ന് ഉറപ്പ് തരുന്നു. ഈ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ സൗഹൃദ മത്സരമാണ്. അവസാനം വരെ ഞാൻ ഇവിടെയുണ്ടാകും, ദയവായി ഒക്‌ടോബർ 17ന് വന്ന് വോട്ട് ചെയ്യുക,” തരൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇന്നും (ഒക്ടോബർ 8) നാളെയും (ഒക്ടോബർ 9) മുംബൈയിലാണ് തരൂരിന്റെ പ്രചാരണം.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശശി തരൂരിന്റെ എതിരാളി. തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിയോടെയാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചത്. ഒക്‌ടോബർ 17നാണ് വോട്ടെടുപ്പ്.

വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കും. 9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News