പള്ളിയും പള്ളിയറയും ഒന്നു തന്നെ; മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കാസര്‍ഗോഡ് മസ്ജിദ് സലാമ

കാസര്‍ഗോഡ്: വെറുപ്പും വിദ്വേഷവും നിറഞ്ഞ ഈ കാലത്ത് ജാതിമതഭേദമെന്യേ എല്ലാവരും ഒരുമിച്ച് ഒരു മുസ്ലിം പള്ളിയുടെ ഉദ്ഘാടനം ശ്രദ്ധേയമായി. ഉദുമ ടൗൺ ജുമാ മസ്ജിദിന് കീഴിൽ നിര്‍മ്മിച്ച ഈച്ചിലിങ്കൽ മസ്ജിദ് സലാമയുടെ ഉദ്ഘാടനം ജനശ്രദ്ധ നേടി. നവീകരിച്ച ഈ പള്ളി ഇന്നലെ (ഒക്ടോബർ 7) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാന്‍ മുക്കുന്നോത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ എത്തിയത് ഏറെ ശ്രദ്ധേയമായി.

നാല് പതിറ്റാണ്ട് പഴക്കമുള്ള പള്ളിയാണ് നവീകരിച്ചത്. സ്ത്രീകളുൾപ്പെടെ പ്രദേശത്തെ ജാതിമതഭേദമെന്യേ നിരവധി പേര്‍ മസ്ജിദിലെത്തുകയും ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ക്ഷേത്ര കമ്മിറ്റിയാണ് നല്‍കിയത്. പള്ളിയും പള്ളിയറയും (വടക്കൻ കേരളത്തിലെ ക്ഷേത്രത്തിന് നൽകിയ പേര്) ഒന്നാണെന്നാണ് ഇരുപക്ഷത്തിന്റെയും അഭിപ്രായം.

ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനായി പള്ളി തുറന്ന് കൊടുത്തിരുന്നു. കൂടാതെ മതപ്രഭാഷണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പള്ളിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.

Print Friendly, PDF & Email

Leave a Comment

More News