കേരളത്തില്‍ നരബലി: ഐശ്വര്യവും സമൃദ്ധിയും ലഭിക്കാന്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടി

കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടി.

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദികളെന്ന് അവകാശപ്പെട്ട ദമ്പതികളെയും അവരുടെ ഏജന്റിനേയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൃത്യം ചെയതവര്‍ നൽകുന്ന വിവരമനുസരിച്ച് ശരീരഭാഗങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.

എലന്തൂരിലെ ആയുർവേദ ചികിത്സകൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, കൊച്ചി ഗാന്ധി നഗർ സ്വദേശിയായ റഷീദ് എന്ന മന്ത്രവാദി മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം കാലടിയിൽ താമസിക്കുന്ന കൊച്ചി ഏലംകുളം സ്വദേശി പത്മം (52), തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി റോസിലി (50) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ് ഷാഫി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ശ്രീദേവി എന്ന് പരിചയപ്പെടുത്തി ഭഗവല്‍ സിംഗുമായി സൗഹൃദം സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. പെരുമ്പാവൂരിൽ റഷീദ് എന്ന ഒരു മന്ത്രവാദി ഉണ്ടെന്ന് അയാള്‍ ഭഗവല്‍ സിംഗിനെ ബോധ്യപ്പെടുത്തി.

തുടർന്ന് ഷാഫി നൽകിയ ഫോൺ നമ്പർ ഉപയോഗിച്ച് ഭഗവല്‍ സിംഗ് റഷീദുമായി ബന്ധപ്പെട്ടു. ചാറ്റ് ചെയ്യുന്ന ആളും ഷാഫിയും ഒന്നാണെന്ന് സിംഗ് ഒരിക്കലും അറിഞ്ഞിരുന്നില്ല.

ഷാഫി, ഭഗവല്‍ സിംഗ്, ലൈല

തന്റെ വീട് സന്ദർശിക്കാൻ ഭഗവല്‍ സിംഗ് റഷീദിനെ ക്ഷണിച്ചു. തന്റെ വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വരണമെങ്കില്‍ നരബലി നടത്തണമെന്ന് സിംഗിനെ പ്രേരിപ്പിച്ചു. ബലി കൊടുക്കാന്‍ പറ്റുന്ന ആളുകളെ കൊണ്ടുവരാമെന്ന് റഷീദ് സിംഗിന് ഉറപ്പുനൽകി.

തുടര്‍ന്നാണ് ഷാഫി പദ്മത്തിനെ ഭഗവല്‍  സിംഗിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. പോലീസ് പറയുന്നതനുസരിച്ച്, മരത്തടി കൊണ്ട് തലയ്ക്കടിയേറ്റ പത്മം ബോധരഹിതയായി വീണപ്പോൾ, ലൈല (സിംഗിന്റെ ഭാര്യ) കഴുത്തറുക്കുകയും ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കുകയും ചെയ്തു. രക്തം ശേഖരിച്ച് വീടിനു ചുറ്റും പുരട്ടി. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ സിഗ്നല്‍ പത്തനംതിട്ടയിലാണ് കാണിച്ചത്. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വൈകീട്ട് പോലീസ് പുറത്തുവിട്ട വിവരങ്ങള്‍

കേസിലെ മുഖ്യപ്രതിയും പെരുമ്പാവൂർ സ്വദേശിയുമായ ഷാഫി കലൂരിൽ താമസിച്ചാണ് കൊച്ചി നഗരത്തിൽ ചില്ലറ ജോലികളും, തട്ടിപ്പുകളുമായി കഴിഞ്ഞു കൂടിയത്. എംജി റോഡിന് സമീപം ചെറിയൊരു ഹോട്ടലും പ്രതി നടത്തിയിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി തട്ടിപ്പിന്റെ പുതിയ സാധ്യതകൾ പ്രതി തേടിയത്. അതിനിടെ തിരുവല്ല സ്വദേശിയായ ഫേസ്ബുക്കിൽ സജീവമായ തിരുമ്മൽ വൈദ്യൻ ഭഗവൽ സിങ്ങിനെ പ്രതി പരിചയപ്പെടുന്നു. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിലേക്ക് നയിക്കുകയായിരുന്നു.

പണാർത്തി മൂത്ത ഭഗവല്‍ സിംഗും ഭാര്യ ലൈലയും: പെരുമ്പാവൂരിൽ റഷീദ് എന്ന സിദ്ധനുണ്ടെന്നും അയാളെ തൃപ്തിപെടുത്തിയാൽ എന്തും നേടിയെടുക്കാൻ കഴിയുമെന്നും ഷാഫി ഭഗവൽ സിംഗിനെ വിശ്വസിപ്പിച്ചു. ഈ കാലയളവ് അത്രയും ഷാഫി ‘ശ്രീദേവിയായി’ ആൾമാറാട്ടം നടത്തിയായിരുന്നു ഫേസ്‌ബുക്കില്‍ ഭഗവൽ സിംഗിന്‍നോട് സംസാരിച്ചിരുന്നത്. ഫേസ് ബുക്ക് ചാറ്റുകൾ സജീവമാകുന്നതിനിടെ സിദ്ധൻ റഷീദെന്ന പേരിൽ ഭഗവൽ സിംഗിന്റെ വീട്ടിലെത്തുകയും ദോഷങ്ങൾ മാറാനും സമ്പന്നരാകാനും ചില പരിഹാര ക്രിയകൾ നിർദ്ദേശിക്കുകയും ചെയ്തു.

ഫേസ് ബുക്ക് ചാറ്റിനപ്പുറം ഭഗവൽ സിംഗിന്റെ കുടുംബത്തിന്‍റെ അന്ധവിശ്വാസം മുതലെടുത്ത് ഭാര്യ ലൈലയെ ഷാഫി പീഡിപ്പിക്കുകയും ചെയ്തു. പരിഹാര ക്രിയയായി നരബലി നടത്തിയാൽ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്ന ഷാഫിയുടെ നിർദേശവും തിരുവല്ലയിലെ ദമ്പതിമാർ സ്വീകരിച്ചു. ഇതിനാവശ്യമായ പണം മുടക്കിയാൽ നരബലി നടത്തേണ്ട സ്ത്രീയെ എത്തിക്കാമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്ന റോസ്‌ലിയെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ജൂൺ മാസത്തിൽ തിരുവല്ലയിൽ എത്തിച്ചത്.

ഭഗവൽ സിംഗിന്റെ വീട്ടിൽ വെച്ച് സിനിമ ചിത്രീകരണം നടത്തുകയാണെന്നായിരുന്നു റോസ്‌ലിയെ പ്രതി ധരിപ്പിച്ചത്. ഇത് പ്രകാരം റോസ്‌ലിയെ കട്ടിലിൽ കെട്ടിയിട്ട് പ്രതി ആയുധമുപയോഗിച്ച് തലയ്ക്കടിച്ച് ബോധരഹിതയാക്കുകയായിരുന്നു. ശേഷം ഭഗവൽ സിംഗിന്റെ ഭാര്യയെ കൊണ്ട് കഴുത്തറപ്പിച്ച് രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ഇതിനു ശേഷവും ഉദ്ദേശിച്ച സാമ്പത്തിക ഐശ്വര്യം ലഭിച്ചില്ലന്ന പരാതിയുമായി ഭഗവൽ സിങ് വീണ്ടും ഷാഫിയെ സമീപ്പിച്ചതോടെയാണ് ഒരു നരബലി കൂടി ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് രണ്ടാമത്തെ കൊലപാതകം കൂടി ആസൂത്രണം ചെയ്തത്. ആദ്യത്തേത് പോലെ നേരത്തെ പരിചയമുണ്ടായിരുന്ന പത്മം എന്ന കടവന്ത്രയിൽ താമസിക്കുന്ന ലോട്ടറി വില്പനക്കാരിയായ തമിഴ്‌നാട് സ്വദേശിയെ തിരുവല്ലയിൽ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ച് ആദ്യ കൊലപാതകത്തിന് സമാനമായ രീതിയിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിന് ഈ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കരുതുന്നത്.

ദുർ മന്ത്രവാദത്തിന്‍റെ പേരിൽ പ്രതികൾ നടത്തിയ ക്രൂരത സമാനതകളില്ലാത്ത പൈശാചികതയാണെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായത്. തലയ്ക്ക് അടിച്ച് ബോധം കെടുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാറിടം ഛേദിക്കുകയും, കത്തി ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി രക്തം ശേഖരിച്ച് ആഭിചാര ക്രിയയുടെ ഭാഗമായി വീടിനു ചുറ്റും രക്തം തളിച്ചുവെന്നുമാണ് മുഖ്യപ്രതി ഷാഫി പൊലീസിനോട് പറഞ്ഞത്.

നരബലി നടത്തിയ കേസിൽ നിലവിൽ മുഖ്യപ്രതി ഷാഫിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടു പ്രതികളായ ദമ്പതികൾക്കും കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടെന്നും ഇവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

പത്മത്തിന്‍റെ മകൻ കടവന്ത്ര പൊലീസില്‍ നൽകിയ പരാതിയെ തുടർന്നാണ് ഞെട്ടിക്കുന്ന നരബലിയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതി വെളിപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വെളിപ്പെടുത്താൻ കഴിയില്ലന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

 

Leave a Comment

More News