മാർത്തോമ്മാ സുവിശേഷ സേവികാ സംഘം കോൺഫറൻസ് ഡാളസിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്ന 20 – മത് ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡോ. അഞ്ജു ബിജിലി അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ എന്നിവർ ഡാളസിൽ എത്തിച്ചേർന്നു.

ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമാ ചർച്ച്‌ ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിന് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.

“സ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗ്ഗദർശികൾ” എന്ന വിഷയമാണ് ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്.

മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ, റവ. ഡോ. ഈപ്പൻ വർഗീസ് (ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി, ഹൂസ്റ്റൺ) ഡോ. എലിസബത്ത് ജേക്കബ് (ന്യൂയോർക്ക്), ഷിജി അലക്സ് (ഷിക്കാഗോ), വെരി. റവ. ഡോ. ചെറിയാൻ തോമസ് (ഹൂസ്റ്റൺ) എന്നിവരാണ് കോൺഫറൻസിന്റെ മുഖ്യാതിഥികൾ.

കൂടാതെ സുപ്രസിദ്ധ കൺ‌വന്‍ഷന്‍ പ്രാസംഗികനും മാരാമൺ കൺവന്‍ഷന്‍ മുൻ പ്രാസംഗികനുമായ ഡോ. സ്റ്റാൻലി ജോൺസിന്റെ കൊച്ചുമകളും സ്റ്റാൻലി ജോൺസ് ഫൗണ്ടേഷൻ പ്രസിഡന്റും കൂടിയായ ഡോ. ആൻ മാത്യൂസ് യൂൻസും ഈ കോൺഫറൻസിന്റെ ഉത്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. കോൺഫറന്‍സിനോടനുബന്ധിച്ചു ഭദ്രാസന ക്ലർജി കോണ്‍ഫറന്‍സും നടത്തപ്പെടുന്നതാണ്.

കോൺഫറൻസിന്റെ വിജയത്തിനായി പ്രസിഡന്റ് റവ. അലക്സ് യോഹന്നാൻ, കൺവീനർ എലിസബത്ത് ജോൺ, സെക്രട്ടറി ഡോ. അഞ്ജു ബിജിലി, ട്രഷറർ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികള്‍ പ്രവർത്തിച്ചു വരുന്നു.

ഉദ്ഘാടന ചടങ്ങിൽ സഭാ വ്യത്യാസമന്യേ ഏവരും പങ്കെടുത്തു അനുഗ്രഹകരമാകണമെന്ന് ഇടവക വികാരിയും കോൺഫറന്‍സ് പ്രസിഡന്റും കൂടിയായ റവ. അലക്സ് യോഹന്നാൻ, അസി. വികാരി റവ. എബ്രഹാം തോമസ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News