ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍‌എസ്‌എസിന്റെ സേവകനായി കോമാളിത്തരം കാണിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ മന്ത്രിയും മുൻ സ്പീക്കറുമായ എം.ബി രാജേഷ് ഗവർണറെ വിമർശിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, പിന്നീടത് പിന്‍‌വലിക്കേണ്ടി വന്നു. പാർട്ടി നേതാക്കളെ രംഗത്തിറക്കി ഗവർണറെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ പ്രയോഗമാണ് കേരള ഗവർണർ നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിക്കുന്നു. ഇപ്പോഴിതാ അദ്ദേഹം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് കടന്നിരിക്കുന്നു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം ശുദ്ധ കോമാളിത്തമാണെന്നും വിജയരാഘവൻ ആരോപിച്ചു.

തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ആർഎസ്എസ്സിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവരുന്നതെന്നും വിജയരാഘവൻ പറയുന്നു.

ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ് അദ്ദേഹം ഉയർത്തുന്നത് എന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കണം. സർ സി പിയെപ്പോലുള്ള അമിതാധികാരികൾക്ക് ചരിത്രം നൽകിയ സ്ഥാനം എന്താണെന്ന് കൂടെയുള്ളവരെങ്കിലും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനും നാടുവാഴിത്ത രീതിയിൽ താൻപ്രമാണിത്തം കാണിക്കാണും വേണ്ടി നടത്തുന്ന ഗവർണറുടെ ഈ പ്രകടനങ്ങളെ ജനാധിപത്യ കേരളം ചെറുത്ത് തോല്പിക്കുമെന്നും വിജയരാഘവൻ പറയുന്നു.

ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവകലാശാല വിസി നിയമനത്തിലും സ്വജനപക്ഷപാതത്തിലും സർവകലാശാലകളിലെ വഴിവിട്ട നിയമനങ്ങളിലും ഉൾപ്പെടെ സർക്കാരുമായി തുറന്ന യുദ്ധത്തിലാണ് ഗവർണർ.

Print Friendly, PDF & Email

Leave a Comment

More News