ഗവര്‍ണ്ണര്‍ക്കെതിരെ അധിക്ഷേപം: അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വ്യക്തിഹത്യ അതിരു കടന്നതിനാലാണ് ഗവർണർ മന്ത്രിമാരെ താക്കീത് ചെയ്തതെന്നും, ഗവർണർ പദവി അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്ന് കടുത്ത വിമർശനമാണ് അദ്ദേഹം നേരിടേണ്ടിവരുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവർണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയൻ കരുതരുതെന്നും വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഗവർണർക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സർക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മന്ത്രിമാർ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, എന്നാൽ കേരളത്തിൽ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രതിപക്ഷം ഗവർണറെ വിമർശിക്കുന്നത് അഴിമതിയുടെ വിഹിതം അവർക്ക് ലഭിക്കുന്നതിനാലാണ്. കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News