കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു

കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് നിലവിൽ വരുന്നു. നവംബറിൽ തന്നെ മഞ്ചേശ്വരം ഓഫ് കാമ്പസിൽ എൽഎൽബി കോഴ്സുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം.

എൽഎൽഎം കോഴ്സിനു ശേഷം എൽഎൽബി കോഴ്സിനും അംഗീകാരം ലഭിച്ചു. ജില്ലയിലെ നിയമ വിദ്യാർത്ഥികൾ അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ സ്വകാര്യ കോളേജുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സമ്പൂർണ നിയമവിദ്യാഭ്യാസ കേന്ദ്രം എന്ന ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകും പുതിയ കോളേജ്.

2009ൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആയിരിക്കെയാണ് സർവകലാശാലയ്ക്ക് 10 ഏക്കർ അനുവദിച്ചത്. സപ്തഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതേ വർഷം തന്നെ ഇതിന് തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല.

2016ൽ പ്രഫ.ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെയാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടന്നില്ല. അഞ്ച് വർഷം പിന്നിട്ടിട്ടും സപ്തഭാഷാ പഠനകേന്ദ്രത്തിനായി നിർമിച്ച കെട്ടിടം തകർന്ന നിലയിലയില്‍ സ്ഥിതി ചെയ്തു.

കഴിഞ്ഞ വർഷം എൽഎൽഎം കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയതോടെ നിയമപഠന കേന്ദ്രത്തിനായി കെട്ടിടം അനുവദിച്ചു. എൽഎൽബി കോഴ്‌സിനുള്ള ബാർ കൗൺസിൽ അംഗീകൃത സാമഗ്രികൾ ക്യാമ്പസിൽ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ബാര്‍ കൌണ്‍സില്‍ സംഘം പരിശോധന നടത്തിയിരുന്നു. ആഗസ്റ്റില്‍ അനുമതിയും ലഭിച്ചു. കാമ്പസിലെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ അഞ്ചു കോടിയിലേറെ രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്ലാസ് തുടങ്ങുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News