ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്നത് നനഞ്ഞ പടക്കം പോലെ; തെരുവിൽ നേരിട്ടാല്‍ വിപരീത ഫലമായിരിക്കും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവർണർക്കെതിരെ നടത്തുന്ന സമരം നനഞ്ഞ പടക്കമാകുമെന്ന് ഉറപ്പാണെന്നും വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഗവർണർക്കെതിരെ ഇടതുപക്ഷം സമരം നടത്തുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ അത് തിരിച്ചും പ്രതീക്ഷിക്കാം. സുപ്രീം കോടതിക്കെതിരെയാണോ സമരം എന്നുകൂടി വ്യക്തമാക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസുകാരനായി മുദ്രകുത്തിയതെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെല്ലാം ആര്‍എസ്എസാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചുവപ്പിക്കുന്ന എകെജി സെന്ററിൽ നിന്നാണ് എല്ലാ സർക്കാർ നിയമനങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തെ ബിജെപി നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News